വ്യവസായമേഖല വലിയ നേട്ടത്തിൽ ; 2026 നകം മൂന്നുലക്ഷം സംരംഭം , ആറുലക്ഷം തൊഴിലവസരങ്ങൾ : മുഖ്യമന്ത്രി



കൊച്ചി വ്യവസായമേഖല വലിയ നേട്ടത്തിലാണെന്നും 2026നകം മൂന്നുലക്ഷം സംരംഭങ്ങളും ആറുലക്ഷം അധിക തൊഴിലവസരങ്ങളും സൃഷ്ടിക്കുകയാണ്‌ ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ വികസനമേഖലകളും വ്യവസായ എസ്റ്റേറ്റുകളും സ്ഥാപിക്കും. നിലവിലുള്ളവയുടെ പശ്ചാത്തലസൗകര്യം മെച്ചപ്പെടുത്തും. കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ (കെഎസ്എസ്ഐഎ) കൊച്ചിയിൽ സംഘടിപ്പിച്ച വ്യവസായിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സംരംഭങ്ങൾ ആരംഭിക്കാനുള്ള നടപടികൾ ലഘൂകരിക്കും. വായ്പ നടപടികൾ ഉദാരമാക്കും. എംഎസ്എംഇ മേഖലയുടെ പ്രശ്നങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കും. 2016ൽ 82,000 എംഎസ്എംഇ സംരംഭങ്ങളാണ് ഉണ്ടായിരുന്നത്. 2021ൽ  ഒന്നരലക്ഷമായി. തൊഴിലാളികളുടെ എണ്ണം നാലുലക്ഷത്തിൽനിന്ന്‌ ഏഴുലക്ഷത്തിലെത്തി. വ്യവസായസൗഹൃദ റാങ്കിങ്ങിലെ മുന്നേറ്റവും തുടർച്ചയായ മൂന്നാംവർഷവും സ്റ്റാർട്ടപ്പുകൾക്ക് അനുകൂല അന്തരീക്ഷത്തിൽ മുന്നിൽ എന്ന പദവി ലഭിച്ചതും വ്യവസായാനുകൂല സാഹചര്യത്തിന് തെളിവാണ്. "എന്റെ സംരംഭം, നാടിന്റെ അഭിമാനം' പദ്ധതിയിൽ ഒരുലക്ഷം സംരംഭങ്ങളാണ് ലക്ഷ്യമിട്ടിരുന്നത്. ഏപ്രിലിൽ ആരംഭിച്ച പദ്ധതിയിൽ ഇതിനകം 58,306 സംരംഭങ്ങളായി. 1,28,919 തൊഴിലവസരങ്ങളും 3536 കോടി രൂപയുടെ നിക്ഷേപവുമുണ്ടായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെഎസ്എസ്ഐഎ സംസ്ഥാന പ്രസിഡന്റ് എം ഖാലിദ് അധ്യക്ഷനായി. വ്യവസായമന്ത്രി പി രാജീവ്, തദ്ദേശ മന്ത്രി എം ബി രാജേഷ്, എംഎസ്എംഇ ഡെവലപ്‌മെന്റ് ഓഫീസ് ജോയിന്റ് ഡയറക്ടർ ജി എസ് പ്രകാശ്, എസ്എൽബിസി കൺവീനർ എസ് പ്രേംകുമാർ,  കെ പി രാമചന്ദ്രൻനായർ, വി കെ സി മമ്മദ് കോയ, എ നിസാറുദീൻ തുടങ്ങിയവരും സംസാരിച്ചു.  അസോസിയേഷന്റെ വിവിധ പുരസ്കാരങ്ങൾ മുഖ്യമന്ത്രി  സമ്മാനിച്ചു. സാമൂഹ്യസുരക്ഷാ ഫണ്ട് ട്രസ്റ്റിന്റെ ധനസഹായവും കൈമാറി. പീഡിതവ്യവസായ പുനരുദ്ധാരണ പദ്ധതി: 10 ശതമാനം വനിതകൾക്ക് സംസ്ഥാനത്ത് പീഡിതവ്യവസായങ്ങളെ പുനരുദ്ധരിക്കാൻ പ്രത്യേക പരിപാടിക്ക്‌ സർക്കാർ തുടക്കംകുറിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.   ​ഗുണഭോക്താക്കളിൽ 10 ശതമാനം വനിതകളാണെന്ന് ഉറപ്പുവരുത്തും. അഞ്ചുകോടി രൂപ പദ്ധതിക്കായി വകയിരുത്തി. സംരംഭകരെ കണ്ടെത്തുന്നതിനും സഹായങ്ങൾ ലഭ്യമാക്കുന്നതിനും തദ്ദേശസ്ഥാപനങ്ങളിൽ ഇന്റേണിനെ ഏർപ്പെടുത്തി. ചെറുകിട ഭക്ഷ്യസംസ്കരണ യൂണിറ്റുകൾക്ക് വിവിധ സഹായങ്ങൾ നൽകാൻ 20 കോടി രൂപയും സൂക്ഷ്മ യൂണിറ്റുകൾ ചെറുകിട യൂണിറ്റുകളായും ചെറുകിടസംരംഭങ്ങളെ ഇടത്തരം വിഭാ​ഗത്തിലേക്കും ഉയർത്തുന്നതിന് 11.40 കോടി രൂപയും നാനോ യൂണിറ്റുകൾക്ക് മാർജിൻ മണി ​ഗ്രാന്റിന് 2.25 കോടി രൂപയും ബജറ്റിൽ വകയിരുത്തി. പലിശ സഹായമായി ഒരുകോടി രൂപയും അനുവദിച്ചു. സർക്കാർ തുടങ്ങിയ തൊഴിൽസഭയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com

Related News