കുതിക്കും ടോപ്‌ ഗിയറിൽ ; പ്രതിസന്ധിക്കിടയിലും ശമ്പളപരിഷ്‌കരണം 
യാഥാർഥ്യമാക്കി



തിരുവനന്തപുരം കോവിഡ്‌  പ്രതിസന്ധിക്കിടയിലും കെഎസ്‌ആർടിസി ജീവനക്കാരെ ചേർത്തുപിടിച്ച്‌ സംസ്ഥാന സർക്കാർ. ഇതര സംസ്ഥാനങ്ങളിലെ പൊതുമേഖലാ ട്രാൻസ്‌പോർട്ട്‌ കോർപറേഷനുകളിലെ ജീവനക്കാർ ആനുകൂല്യങ്ങൾക്കായി സമരം ചെയ്യുമ്പോഴാണ്‌ കേരളത്തിൽ മുൻകാല പ്രാബല്യത്തോടെ ശമ്പള പരിഷ്‌കരണം യാഥാർഥ്യമാക്കിയത്‌. ഫെബ്രുവരിമുതൽ പുതുക്കിയ ശമ്പളം ലഭിക്കും. 4700 മുതൽ 16,000 രൂപവരെയാണ്‌ വർധന. ശരാശരി 6500 രൂപയുടെ വർധനയുണ്ടാകും. കെഎസ്‌ആർടിസിയിലെ അടിസ്ഥാന ശമ്പളം സർക്കാർ ജീവനക്കാരുടേതിനു തുല്യമാക്കണമെന്ന ദീർഘകാല ആവശ്യമാണ്‌ എൽഡിഎഫ്‌ സർക്കാർ അംഗീകരിച്ചത്‌. പ്രതിസന്ധി ഉണ്ടെങ്കിലും 2021 ജൂൺമുതൽ ശമ്പളം പരിഷ്‌കരിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുനൽകിയിരുന്നു.  വനിതാ ജീവനക്കാർക്കുള്ള ചൈൽഡ്‌ കെയർ അലവൻസ്‌, ഡ്രൈവർമാർക്കുള്ള ബാറ്റ എന്നിവയും ശ്രദ്ധേയ മാറ്റമാണ്‌. ആറു മാസം പ്രസവാവധിക്കു പുറമെ 5000 രൂപ അലവൻസോടെ ഒരു വർഷത്തെ ശൂന്യവേതന അവധിയും വനിതാ ജീവനക്കാർക്ക്‌ പ്രഖ്യാപിച്ചു. മറ്റു സംസ്ഥാനങ്ങളിലൊന്നും ഈ ആനുകൂല്യങ്ങളില്ല. പെൻഷൻ പരിഷ്‌കരിക്കുന്നത്‌ ശമ്പളപരിഷ്‌കരണ കരാറിൽ ഉൾപ്പെടുത്താനും എം പാനലുകാരെ തിരിച്ചെടുക്കുന്നതു സംബന്ധിച്ച നിയമപ്രശ്‌നങ്ങൾ പഠിക്കാൻ മൂന്നംഗ സമിതിയെ നിയോഗിക്കാനും തീരുമാനമുണ്ട്‌. 2011ലെ എൽഡിഎഫ്‌ സർക്കാരാണ്‌ ഇതിനുമുമ്പ്‌ ശമ്പളപരിഷ്‌കരണം നടത്തിയത്‌.  2020–-2021 വർഷം മാത്രം 1794 കോടി രൂപയാണ്‌ സർക്കാർ കെഎസ്‌ആർടിസിക്ക്‌ നൽകിയത്‌. ബസുകൾ ഘട്ടംഘട്ടമായി ഹരിത ഇന്ധനത്തിലേക്ക്‌ മാറ്റുന്നതിനും തുടക്കമിട്ടു. സിഎൻജി, എൽഎൻജി ബസുകൾ വാങ്ങാനും നിലവിലുള്ള ഡീസൽ ബസുകൾ സിഎൻജിയിലേക്കു മാറ്റാനും സർക്കാർ 300 കോടി രൂപ അനുവദിച്ചു. ഹരിത ഇന്ധനത്തിലേക്കു മാറിയാൽ ഇന്ധനച്ചെലവിൽ പ്രതിമാസം 20–-25 കോടി രൂപ കുറയ്‌ക്കാനാകുമെന്നാണ്‌ പ്രതീക്ഷ. ടിക്കറ്റിതര വരുമാനം കൂട്ടാനും സർവീസ്‌ കാര്യക്ഷമമാക്കി ഉൽപ്പാദനക്ഷമത കൂട്ടാനും തീരുമാനമുണ്ട്‌. Read on deshabhimani.com

Related News