കെഎസ്‌ആർടിസി : ഇന്ന്‌ വീണ്ടും ചർച്ച



തിരുവനന്തപുരം കെഎസ്‌ആർടിസിയിലെ യൂണിയനുകളുമായി ഗതാഗതമന്ത്രി ആന്റണി രാജുവിന്റെയും തൊഴിൽമന്ത്രി വി ശിവൻകുട്ടിയുടെയും നേതൃത്വത്തിൽ വ്യാഴാഴ്‌ച രാവിലെ 9.30ന്‌ വീണ്ടും ചർച്ച നടത്തും. ബുധനാഴ്‌ച സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. സർക്കാർ സഹായത്തോടെ ശമ്പളം എല്ലാമാസവും അഞ്ചിന്‌ വിതരണം ചെയ്യാൻ ധാരണയായി. മാറ്റിനിർത്തപ്പെട്ട താൽക്കാലിക ജീവനക്കാരെ പുനഃപ്രവേശിപ്പിക്കാനും തത്വത്തിൽ തീരുമാനിച്ചു. 1962 ട്രാൻസ്‌പോർട്ട്‌ വർക്കേഴ്‌സ്‌ റൂൾ, സുശീൽഖന്ന റിപ്പോർട്ട്‌ എന്നിവ പ്രകാരമുള്ള ജോലിസമയ ക്രമീകരണത്തിൽ തീരുമാനമായില്ല. എട്ട്‌ മണിക്കൂറിലധികം ജോലി അംഗീകരിക്കാൻ കഴിയില്ലെന്ന്‌ യൂണിയനുകൾ വ്യക്തമാക്കി. സർവീസ്‌ കാര്യക്ഷമമാക്കാൻ നടത്തിപ്പ്‌ ചുമതല യൂണിറ്റുകൾക്കും സോണലുകൾക്കും കൈമാറണമെന്ന്‌ യൂണിയനുകൾ നിർദേശിച്ചു. എന്നാൽ, മാനേജ്‌മെന്റ്‌ അംഗീകരിച്ചില്ല. സുശീൽഖന്ന റിപ്പോർട്ടിലെ ജോലിസമയം ഒഴികെയുള്ള നിർദേശങ്ങൾ നടപ്പാക്കുന്നതിൽ മാനേജ്‌മെന്റ്‌ താൽപ്പര്യമെടുക്കുന്നില്ലെന്ന്‌ യൂണിയനുകൾ കുറ്റപ്പെടുത്തി. ചർച്ച ഗുണകരമായിരുന്നുവെന്ന്‌ മന്ത്രിമാർ മാധ്യമങ്ങളോട്‌ പ്രതികരിച്ചു. കടുംപിടുത്തത്തിന്റെ ആവശ്യമില്ലെന്നും ഇരുകൂട്ടരും വിട്ടുവീഴ്‌ച ചെയ്യേണ്ടിവരുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. മാനേജ്മെന്റ്‌ മുന്നോട്ടുവച്ച ചില നിർദേശങ്ങളിൽ യൂണിയനുകൾക്ക്‌ വ്യത്യസ്‌ത അഭിപ്രായമുള്ളതായി കെഎസ്‌ആർടിഇഎ പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. കെഎസ്‌ആർടിസി സിഎംഡി ബിജു പ്രഭാകർ, കെഎസ്‌ആർടിഇഎ ജനറൽ സെക്രട്ടറി എസ്‌ വിനോദ്‌, ട്രഷറർ പി ഗോപാലകൃഷ്‌ണൻ, ബിഎംഎസ്‌, ടിഡിഎഫ്‌ സംഘടനാ പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ശമ്പളം: കേസ് 24ന് പരിഗണിക്കും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കൊടുക്കാതിരിക്കാനാകില്ലെന്ന് ഹൈക്കോടതി. ശമ്പളം നൽകാൻ 10 ദിവസത്തെ സാവകാശംതേടി കോർപറേഷൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശം. പ്രശ്നപരിഹാരത്തിന് നടപടി പുരോഗമിക്കുകയാണെന്ന് സർക്കാർ അറിയിച്ചു. കേസ് 24ന് പരിഗണിക്കാൻ മാറ്റി. ജൂലൈയിലെ ശമ്പളം പൂർണമായി കൊടുത്തിട്ടില്ല. ആഗസ്‌തിലെ ശമ്പളത്തിന്റെ കാര്യത്തിൽ വ്യക്തതയില്ല. പ്രശ്നപരിഹാരത്തിന് ഒന്നുകിൽ ആസ്തി വിൽക്കണം. അല്ലെങ്കിൽ സർക്കാർ ധനസഹായം നൽകണം. ഇതിൽ ഫലപ്രദ നടപടി കാണുന്നില്ലന്നും കോടതി പറഞ്ഞു. Read on deshabhimani.com

Related News