കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങാതെ നല്‍കാന്‍ നടപടി സ്വീകരിക്കണം: ഹൈക്കോടതി



കൊച്ചി> കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങാതെ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് കോര്‍പറേഷന്‍ അറിയിച്ചു.നടപടിയെ സ്വാഗതം ചെയ്ത കോടതി, എടുക്കുന്ന തീരുമാനങ്ങള്‍ ജൂലൈ ഒന്നിനകം അറിയിക്കാന്‍ നിര്‍ദേശിച്ചു.  കടബാധ്യതയാണ് കോര്‍പ്പറേഷന്‍ നേരിടുന്ന പ്രതിസന്ധിയെന്നും ഇത് പരിഹരിക്കുകയാണ് വേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. 3030 കോടിയുടെ കടബാധ്യത മൂലം പ്രതിമാസം 31 കോടിയുടെ അടവാണ് പ്രതിസന്ധിക്ക് കാരണം. ഈ തുക അടക്കേണ്ടാത്ത സാഹചര്യം ഉണ്ടായാല്‍ കോര്‍പ്പറേഷന്‍ സ്വയം പര്യാപ്തമാവുമെന്നും കോടതി ചൂണ്ടിക്കാട്ടി. ജീവനക്കാര്‍ അധ്യാനിക്കുന്നതുകൊണ്ടാണ് വരുമാനം ഉണ്ടാവുന്നത്. അവരുടെ ശമ്പളം മുടക്കരുതെന്നും വേതനം കിട്ടാതെ വരുമ്പോഴാണ് ജീവനക്കാര്‍ സമരത്തിലേക്ക് പോകുന്നതെന്നും കോടതി പറഞ്ഞു.  ഓഫീസര്‍മാര്‍ക്ക് ശമ്പളം മുടങ്ങാതെ കിട്ടുന്നുണ്ടെന്നും ശമ്പളത്തിന്റെ കാര്യത്തില്‍ വിവേചനം കാണിക്കുകയാണന്നും ചൂണ്ടിക്കാട്ടി ഡ്രൈവര്‍മാരായ ആര്‍ ബാജിയും മറ്റും സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പരിഗണിച്ചത്. ഡ്രൈവര്‍, കണ്ടക്ടര്‍, മെക്കാനിക്,  മിനിസ്റ്റീരിയല്‍ സ്റ്റാഫ് അടക്കമുള്ളവര്‍ക്ക് ആദ്യം ശമ്പളം നല്‍കണമെന്ന് കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയ ശേഷമെ മറ്റ് ബാധ്യതകള്‍ കണക്കിലെടുക്കാവൂ എന്നും വ്യക്തമാക്കി.   Read on deshabhimani.com

Related News