ഇന്ധന വിലവർധന: കെഎസ്‌ആർടിസി ജീവനക്കാരുടെ പ്രതിഷേധം ചൊവ്വാഴ്ച



തിരുവനന്തപുരം> പെട്രോളിനു പുറമെ ഡീസലിനും വില 100 രൂപയിലധികമാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) നേതൃത്വത്തിൽ ചൊവ്വാഴ്ച സംസ്ഥാനത്ത്‌ 100 കേന്ദ്രത്തിൽ പ്രതിഷേധം സംഘടിപ്പിക്കും. രണ്ടാഴ്ചയ്‌ക്കുള്ളിൽ ഡീസൽ ലിറ്ററിന്‌ 4.49 രൂപയും പെട്രോളിന്‌ മൂന്ന് രൂപയുമാണ്‌ വർധിപ്പിച്ചത്‌. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞപ്പോഴും എണ്ണ വില കുറയ്‌ക്കാൻ കേന്ദ്രം തയ്യാറായില്ല. അധിക എക്സൈസ് തീരുവ ഇനത്തിൽ 30 രൂപയിലധികം ഈടാക്കുകയും ചെയ്യുന്നു. അധിക എക്സൈസ് തീരുവ വെട്ടിക്കുറയ്‌ക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും അസോസിയേഷൻ സംസ്ഥാന ഭാരവാഹി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ അധ്യക്ഷനായി. ശമ്പള പരിഷ്‌കരണം നടപ്പാക്കുക, എംപാനൽ ജീവനക്കാരെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നവംബർ അഞ്ചിന് പണിമുടക്ക് നടത്താനും യോഗം തീരുമാനിച്ചു. പണിമുടക്കിന് മുന്നോടിയായി 13ന് യൂണിറ്റ് കേന്ദ്രത്തിൽ ധർണയും 28ന് സെക്രട്ടറിയറ്റിലേക്കും കലക്ടറേറ്റുകളിലേക്കും മാർച്ചും സംഘടിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി സി കെ ഹരികൃഷ്ണൻ അറിയിച്ചു. Read on deshabhimani.com

Related News