മകളുടെ മുന്നിലിട്ട്‌ അച്ഛനെ മർദിച്ച സംഭവം: കെഎസ്‌ആർടിസി ജീവനക്കാർക്കെതിരെ ജാമ്യമില്ലാവകുപ്പ്



തിരുവനന്തപുരം കാട്ടാക്കട കെഎസ്‌ആർടിസി ഡിപ്പോയിൽ കൺസഷൻ ടിക്കറ്റ്‌ പുതുക്കാനെത്തിയ അച്ഛനെയും മകളെയും മർദിച്ചതിൽ അഞ്ചു ജീവനക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു. ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ് ആർ സുരേഷ് കുമാർ, കണ്ടക്ടർ എൻ അനിൽകുമാർ, മിനിസ്റ്റീരിയൽ അസിസ്റ്റന്റ് സി പി മിലൻ ഡോറിച്ച്, മെക്കാനിക് അജികുമാർ എന്നിവർക്കെതിരെയാണ്‌ കേസ്‌. വിദ്യാർഥിനിയുടെ മൊഴികൂടി ചേര്‍ത്താണ് സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകള്‍കൂടി ചുമത്തിയത്. സംഭവത്തിൽ പങ്കുണ്ടെന്ന് കെഎസ്ആർടിസി വിജിലൻസ് വിഭാഗം കണ്ടെത്തിയ അജികുമാറിനെ ബുധനാഴ്ച സസ്പെൻഡ്‌ ചെയ്തു. മറ്റു നാലുപേരെയും കഴിഞ്ഞദിവസം സസ്‌പെൻഡ്‌ ചെയ്‌തിരുന്നു. ചൊവ്വ ഉച്ചയോടെ കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ എത്തിയ ആമച്ചൽ സ്വദേശി പൂവച്ചൽ പഞ്ചായത്ത്‌ ജീവനക്കാരൻ പ്രേമനനെയും മകൾ രേഷ്മയെയുമാണ്‌ ജീവനക്കാർ മർദിച്ചത്‌. നീതീകരിക്കാനാകാത്ത സംഭവം: സിഎംഡി യാത്രാപാസ്‌ പുതുക്കാൻ കാട്ടാക്കട ഡിപ്പോയിലെത്തിയ അച്ഛനും മകൾക്കുമുണ്ടായ ദുരനുഭവത്തിൽ കെഎസ്‌ആർടിസി സിഎംഡി ബിജുപ്രഭാകർ മാപ്പ്‌ പറഞ്ഞു.  ദൗർഭാഗ്യകരവും വേദനാജനകവും അപലപനീയവും നീതീകരിക്കാനാകാത്തതുമായ സംഭവമാണ്‌ ഉണ്ടായതെന്ന്‌ അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.   സംഭവത്തിൽ ഉൾപ്പെട്ട ജീവനക്കാരെപ്പോലെ വളരെ ചുരുക്കം ചില മാനസിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് സ്ഥാപനത്തിന്റെ അടിസ്ഥാനപരമായ പ്രശ്നം. അത്തരക്കാരെ മാനേജ്മെന്റ്‌ സംരക്ഷിക്കില്ല. ഇതുതന്നെയാണ്  സർക്കാരിന്റെയും നിലപാടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന്‌ റിപ്പോർട്ട്‌ നൽകും കാട്ടാക്കടയിൽ കെഎസ്‌ആർടിസി ജീവനക്കാർ മകളുടെ മുന്നിലിട്ട്‌ അച്ഛനെ മർദിച്ച സംഭവത്തിൽ കെഎസ്‌ആർടിസി എംഡി വ്യാഴാഴ്‌ച ഹൈക്കോടതിയിൽ റിപ്പോർട്ട്‌ നൽകും. അടിയന്തരമായി റിപ്പോർട്ട്‌ നൽകാൻ കഴിഞ്ഞ ദിവസം ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. Read on deshabhimani.com

Related News