മകളുടെ മുന്നിലിട്ട്‌ അച്ഛനെ മർദിച്ച സംഭവം: നാല് കെഎസ്‌ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ



തിരുവനന്തപുരം> കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ കൺസെഷൻ ടിക്കറ്റ് പുതുക്കാനെത്തിയ പിതാവിനെ മകളുടെ മുന്നിലിട്ട് ക്രൂരമായി മർദ്ദിച്ച് നാല് ജീവനക്കാരെ സസ്‌പെൻഡ് ചെയ്‌തു. സംഭവത്തിൽ ഗതാഗതമന്ത്രി ആന്റണി രാജു കെഎസ്ആർടിസി എംഡിയോട് വിശദീകരണം തേടിയിരുന്നു. റിപ്പോർട്ട് കിട്ടിയ ശേഷം കുറ്റക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിന് പിന്നാലെയാണ് സസ്പെൻഷൻ. ആമച്ചൽ സ്വദേശി പ്രേമനെയാണ് കോളേജ് വിദ്യാർത്ഥിനിയായ മകളുടെ മുന്നിലിട്ട് ജീവനക്കാർ മർദിച്ചത്. കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലായിരുന്നു സംഭവം. മർദനമേറ്റ പ്രേമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകളുടെ കൺസഷന് അപേക്ഷ നൽകാനായാണ് പ്രേമൻ കാട്ടാക്കട ഡിപ്പോയിൽ എത്തിയത്. മകളുടെ മുന്നിലിട്ട് അച്ഛനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. മകളുടെ മുന്നിലിട്ട് ഒന്നുംചെയ്യരുതെന്ന് ചിലർ പറഞ്ഞിട്ടും ഇതൊന്നും കേൾക്കാതെ സുരക്ഷാ ജീവനക്കാരൻ ഉൾപ്പെടെയുള്ളവർ പ്രേമനെ മർദിക്കുകയായിരുന്നു. ജീവനക്കാർ തന്നെയും മർദിച്ചിട്ടുണ്ടെന്നാണ് മകളുടെ ആരോപണം. അച്ഛനെ തല്ലിയ ജീവനക്കാരെ മകൾ ചോദ്യംചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. Read on deshabhimani.com

Related News