കെഎസ്‌ആർടിസി ബൈപാസ്‌ റൈഡർ സർവീസ്‌ ഡിസംബറിൽ; ഒരുമണിക്കൂർ ഇടവേളയിൽ ബസുകൾ



കൊച്ചി > നഗരങ്ങളിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ സമയത്ത്‌ ലക്ഷ്യസ്ഥാനത്തെത്താൻ കെഎസ്‌ആർടിസിയുടെ ബൈപാസ്‌ റൈഡർ സർവീസുകൾ ഒരുങ്ങുന്നു. ഡിസംബർ പകുതിയോടെ ആദ്യം ദേശീയപാതയിലൂടെയും പിന്നീട്‌ എംസി റോഡുവഴിയും ബസുകൾ സർവീസ്‌ ആരംഭിക്കും. രാത്രിയും പകലും ഒരുമണിക്കൂർ ഇടവേളയിൽ സർവീസ്‌ ആരംഭിക്കാനാണ്‌ കെഎസ്‌ആർടിസി ലക്ഷ്യമിടുന്നത്‌. ബൈപാസ് റൈഡറുകൾക്ക് സൂപ്പർ ഫാസ്റ്റ്, എയർ സസ്‌പെൻഷൻ, ലോ ഫ്ലോർ എസി ബസുകളാണ്‌ ഉപയോഗിക്കുക. നിലവിലെ നിരക്ക്‌ നൽകിയാൽ മതി. 30 ദിവസംമുമ്പ്‌ സീറ്റ്‌ ബുക്ക്‌ ചെയ്യാം. ബുക്ക്‌ ചെയ്‌ത ബസിൽ കയറാൻ കഴിഞ്ഞില്ലെങ്കിൽ പിന്നാലെയുള്ള റൈഡർ ബസിൽ യാത്ര അനുവദിക്കും. തിരുവനന്തപുരത്തുനിന്ന്‌ കിഴക്കേകോട്ട, കഴക്കൂട്ടം, കൊല്ലം, ആലപ്പുഴ, ചേർത്തല വഴിയാണ്‌ ദേശീയപാതയിലെ സർവീസ്‌. ഗൾഫ് വിമാനങ്ങളുടെ സമയക്രമം നോക്കി തിരുവനന്തപുരത്തുനിന്ന്‌ ഗൾഫ് കണക്ട് എന്ന പേരിൽ എസി ബസുകളുണ്ടാകും. നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽമാത്രമേ റൈഡർ ബസുകൾ നിർത്തുകയുള്ളൂ. റൈഡർ ബസുകളെ ബന്ധിപ്പിച്ച്‌ സാധാരണ ബസുകളുമുണ്ടാകും. റൈഡർ ബസിലെ യാത്രക്കാർക്ക്‌  ഫീഡർ ചെയിൻ സർവീസുകളിൽ യാത്ര സൗജന്യമാണ്‌. ഫീഡർ സ്റ്റേഷനുകളിൽ ബൈപാസ് റൈഡർ ബസുകളിലെത്തുന്ന യാത്രക്കാർക്ക് പ്രത്യേക ഇരിപ്പിടവും ശൗചാലയങ്ങളുമൊരുക്കും. ഓരോ ഡിപ്പോയിലും റൈഡർ ബസുകളെ നിയന്ത്രിക്കാൻ പ്രത്യേകം ജീവനക്കാരുണ്ടാകും. എംസി റോഡിൽ അങ്കമാലി, കോട്ടയംവഴിയാണ്‌ തിരുവനന്തപുരത്തേക്ക്‌ സർവീസ്‌ ആരംഭിക്കുക. Read on deshabhimani.com

Related News