മർദനം: ജീവനക്കാർക്കെതിരെ കർശനനടപടി സ്വീകരിച്ചെന്ന്‌ കെഎസ്‌ആർടിസി



കൊച്ചി> കാട്ടാക്കടയിൽ പെൺകുട്ടിയുടെ മുന്നിൽ അച്ഛനെ മർദിച്ച കെഎസ്ആർടിസി ജീവനക്കാർക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തതായി കെഎസ്ആർടിസി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. സസ്‌പെൻഷൻ ഉൾപ്പെടെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കിയാണ് റിപ്പോർട്ട്. നാല്‌ പ്രതികൾക്കെതിരെയുള്ള എഫ്ഐആറിന്റെ പകർപ്പ്‌, പെൺകുട്ടിയുടെയും അച്ഛന്റെയും സുഹൃത്തിന്റെയും മൊഴിപ്പകർപ്പ്, നാലുപേരുടെയും സസ്പെൻഷൻ ഓർഡർ എന്നിവ ഉൾപ്പെടുന്ന റിപ്പോർട്ടാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന് കൈമാറിയത്. ഒളിവിലായതിനാലാണ് പ്രതികളെ അറസ്റ്റ്‌ ചെയ്യാനാകാത്തതെന്ന് കോടതിയുടെ ചോദ്യത്തിന് മറുപടിയായി സർക്കാർ വിശദീകരിച്ചു. മർദനദൃശ്യം പകർത്തിയയാൾക്ക് സുരക്ഷാ ഭീഷണിയുള്ളതിനാൽ അയാളെ മറ്റൊരു യൂണിറ്റിൽ നിയമിച്ചു. മർദനമേറ്റയാളെയും മകളെയും ഫോണിൽ വിളിച്ച് കെഎസ്ആർടിസി എംഡി ക്ഷമചോദിച്ചിട്ടുണ്ട്. പ്രതികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഉറപ്പുനൽകി. വിദ്യാർഥികളടക്കം 20 ലക്ഷംപേർ കെഎസ്ആർടിസിയുടെ യാത്രാസൗജന്യം പ്രയോജനപ്പെടുത്തുന്നുണ്ട്. 26,000 ജീവനക്കാരുള്ളതിൽ 90 ശതമാനവും കഠിനാധ്വാനികളാണ്. ചിലർ ധിക്കാരത്തോടെ പെരുമാറുന്നതാണ് കെഎസ്ആർടിസിയുടെ അന്തസ്സ്‌ കളയുന്നത്. ഭാവിയിൽ ഇത്തരം സംഭവങ്ങളുണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ചില ജീവനക്കാരുടെ മനോഭാവം മാറാത്തതാണ് പ്രശ്നമെന്ന് കോടതിയും വ്യക്തമാക്കി. Read on deshabhimani.com

Related News