അരിപ്പ നിറയെ മലകളും കാട്ടുവഴികളും; സ്വപ്‌ന സഞ്ചാരമൊരുക്കി കെഎസ്ആര്‍ടിസി



ആലപ്പുഴ>  മലക്കപ്പാറയാത്രയ്‌ക്ക്‌ പിന്നാലെ യാത്രക്കാരുടെ മനംകവർന്ന് കെഎസ്‍ആർടിസിയുടെ അരിപ്പ ട്രക്കിങ്. ഞായറാഴ്‍ചയാണ് ഹരിപ്പാട് ഡിപ്പോയിൽനിന്ന് അരിപ്പ, കുടുക്കത്തുപ്പാറ സർവീസ് നടത്തിയത്. രാവിലെ അഞ്ചിനാരംഭിച്ച് ട്രക്കിങ് പൂർത്തിയാക്കി രാത്രി പത്തോടെ തിരിച്ചെത്തി. ഭക്ഷണവും എൻട്രി പാസുമുൾപ്പെടെ 950 രൂപയായിരുന്നു നിരക്ക്. 27 പേരുമായിട്ടായിരുന്നു യാത്ര.  മാർ​ഗനിർദേശമേകാൻ അരിപ്പയിൽ കെഎസ്ആർടിസി ചീഫ് ട്രാൻസ്‍പോർട്ട് മാനേജർ അടക്കമുള്ളവരെത്തി. വനംവകുപ്പിന്റെ നാല് ​ഗൈഡും സഞ്ചാരികൾക്കൊപ്പം ചേർന്നു. സ്‍ത്രീകളടക്കമുള്ള യാത്രക്കാർ ട്രക്കിങ്ങിനെ ഇരുകൈയും നീട്ടി സ്വീകരിച്ചെന്ന് ഹരിപ്പാട് കെഎസ്ആർടിസി അധികൃതർ പറഞ്ഞു. അരിപ്പ വനപ്രദേശം അപൂർവങ്ങളായ പക്ഷിവർഗങ്ങളുടെ സങ്കേതമാണ്. മാക്കാച്ചി കാടയെന്ന അപൂർവപക്ഷിവർഗമായ ശ്രീലങ്കൻ പ്രോഗ് മൗത്തിനെ ആദ്യമായി തിരിച്ചറിഞ്ഞത് അരിപ്പയിലാണ്‌. ആന, കാട്ടുപോത്ത്, മ്ലാവ്, പന്നി, കേഴമാൻ, പുലി, മലയണ്ണാൻ, ചെന്നായ, കാട്ടുപൂച്ച, കൂരമാൻ, മുയൽ തുടങ്ങി നിരവധി വന്യമൃഗങ്ങളും വൈവിധ്യമാർന്ന മരങ്ങളും അരിപ്പയിലുണ്ട്. സഞ്ചാരികൾക്ക് വിസ്‌മയക്കാഴ്‌ചയായിരുന്നു കുടുക്കത്തുപ്പാറ. പ്രകൃതിദൃശ്യങ്ങളും ഔഷധസസ്യങ്ങളും പാറക്കെട്ടുകളും മഞ്ഞുപെയ്യുന്ന മനോഹാരിതയും സഞ്ചാരികളുടെ മനംനിറച്ചു.  യാത്രക്കാർക്ക് പ്രഭാത, ഉച്ച ഭക്ഷണവും വൈകിട്ട് കാപ്പിയും ക്രമീകരിച്ചിരുന്നു. അടുത്തയാത്ര ഡിസംബർ അഞ്ചിനാണ്. ഇതിനുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഹരിപ്പാട് ഡിപ്പോയിലെത്തി ബുക്ക് ചെയ്യാം.   Read on deshabhimani.com

Related News