ഏലപ്പാറയിൽ കെഎസ്ആർടിസി ബസ് ഓട്ടോ പാർക്കിങ്ങിലേക്ക് ഇടിച്ചുകയറി; ഒമ്പത്‌ പേർക്ക്‌ പരിക്ക്‌

അപകടത്തിൽ തകർന്ന ഓട്ടോറിക്ഷകൾ


ഏലപ്പാറ > കെഎസ്ആർടിസി ബസ് ബ്രേക്ക് നഷ്‌ട‌പ്പെട്ട് ഓട്ടോ പാർക്കിങ്ങിലേയ്ക്ക് ഇടിച്ചുകയറി 9 പേർക്ക് പരിക്ക്. ഓട്ടോ ഡ്രൈവർമാരായ സന്തോഷ്, രഞ്ജിത്, മുഹേഷ്, എന്നിവർക്കും വഴിയാത്രക്കാരായ അറുകുഴിയിൽ സോമൻ, ടൈഫോർഡ് സ്വദേശി മുരുകൻ അശാരി, പാൽ ദുരൈ, ഇതര സംസ്ഥാന സ്വദേശി ഗീത, ഏലപ്പാറ ഹയർ സെണ്ടറി സ്‌കൂൾ മുൻ അധ്യാപകൻ പോൾ രാജ് എന്നിവർക്കാണ് പരിക്ക്. ബസ് സ്റ്റാൻഡിൽനിന്നും യാത്ര തുടങ്ങിയ ബസ് ബ്രേക്ക് പോയതോടെ സെൻട്രൽ ജംഗ്ഷനിൽ എത്തിയപ്പോൾ വേഗത കൂടി ഓട്ടോകളിലും ഇവിടെ പാർക്ക് ചെയ്‌തിരുന്ന കാറിലും ഇടിച്ചു നിൽക്കുകയായിരുന്നു. ചേർത്തലയിൽ നിന്നും നെടുങ്കണ്ടം റൂട്ടിൽ ഓടുന്ന ചേർത്തല ഗ്യാരേജിലെ ആർപിസി 756 നമ്പർ ബസ് ആണ് അപകടത്തിൽപ്പെട്ടത്‌. മോട്ടോർ വാഹന അധിക്യതർ സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി. അപാകതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബസിന്റെ ഫിറ്റ്നസ് റദ്ദ് ചെയ്‌തു. ഓട്ടോകൾ 8 എണ്ണം പൂർണമായി തകർന്നു. ഇവിടെ പാർക്ക് ചെയ്‌തിരുന്ന കാറും സ്‌കൂട്ടിയും തകർന്നു. ലക്ഷങ്ങളുടെ നഷ്‌ടം ഉണ്ടായിട്ടുണ്ട്. ഇരുപത്‌ യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു. യാത്രക്കാർ അലറി വിളിക്കുന്നത്‌ കേട്ട വഴിയാത്രക്കാർ ഓടി മാറി രക്ഷപ്പെട്ടു. ഓട്ടോയിലുണ്ടായിരുന്നവർക്കാണ് പരിക്ക് പറ്റിയത്. ഇവരെ പീരുമേട് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും പൊലീസും ചുമട്ട്‌ തൊഴിലാളികളും പൊതുപ്രവർത്തകരും രക്ഷാപ്രവർത്തനം നടത്തി. Read on deshabhimani.com

Related News