കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം: 2100 കേന്ദ്രങ്ങളില്‍ കെഎസ്‌‌കെടിയു ജനകീയപ്രമേയം



കൊച്ചി > ഡല്‍ഹിയിലെ കര്‍ഷകപ്രക്ഷോഭം ഒരുവര്‍ഷം തികയുന്ന 26ന് സംസ്ഥാനത്ത് 2100 കേന്ദ്രങ്ങളില്‍ കെഎസ്‌കെടിയു ജനകീയപ്രമേയം അവതരിപ്പിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ ചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് നാലിന് വില്ലേജ് കേന്ദ്രങ്ങളില്‍ അവതരിപ്പിക്കുന്ന പ്രമേയം പിന്നീട് പ്രധാനമന്ത്രിക്ക് അയക്കും. സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സംയുക്ത കര്‍ഷകസമിതിയുടെ ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് പ്രമേയം തയ്യാറാക്കി അയക്കുന്നത്. കര്‍ഷകസമരത്തില്‍ രക്തസാക്ഷികളായവരുടെ പേരില്‍ തയ്യാറാക്കുന്ന സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം പൊതുസമ്മേളനം ചേരും. ഡല്‍ഹിയിലെ കര്‍ഷകസമരത്തില്‍ പങ്കെടുത്ത കര്‍ഷകരെ ആദരിക്കും. കുറഞ്ഞ താങ്ങുവില നിയമപരമായി അംഗീകരിക്കുക, വൈദ്യുതി നിയമഭേദഗതി പിന്‍വലിക്കുക, സമരത്തില്‍ ജീവന്‍ നഷ്ടമായ കര്‍ഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുക, കര്‍ഷകര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുക, ലഖിംപുരില്‍ കര്‍ഷകരെ കൂട്ടക്കൊല ചെയ്തതില്‍ പങ്കുള്ള കേന്ദ്രമന്ത്രിയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കുക, ഡല്‍ഹിയിലെ മലിനീകരണനിയന്ത്രണ നിയമത്തിലെ കര്‍ഷകദ്രോഹവ്യവസ്ഥകള്‍ നീക്കുക എന്നീ ആവശ്യങ്ങളാണ് സംയുക്ത കര്‍ഷക സമരസമിതി ഉയര്‍ത്തിയിട്ടുള്ളത്. ഐക്യദാര്‍ഢ്യപരിപാടി വിജയിപ്പിക്കണമെന്ന് എന്‍ ചന്ദ്രന്‍ അഭ്യര്‍ഥിച്ചു. സംസ്ഥാന ട്രഷറര്‍ സി ബി ദേവദര്‍ശനനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. Read on deshabhimani.com

Related News