വെെദ്യുതി ഭേദഗതി ബിൽ: നിരക്ക്‌ ഉയരും; കെഎസ്‌ഇബി അപകടത്തിലാകും



തിരുവനന്തപുരം > മോദി സർക്കാർ തിങ്കളാഴ്‌ച അവതരിപ്പിക്കുന്ന വൈദ്യുതി നിയമഭേദഗതി ബിൽ കെഎസ്‌ബിയുടെ നിലനിൽപ്പും അപകടത്തിലാക്കും. സാധാരണ ഉപയോക്താക്കളുടെ വൈദ്യുതി നിരക്ക്‌ വർധിപ്പിക്കുന്നതാണ്‌ ബില്ലിലെ നിർദേശങ്ങൾ. ഗാർഹിക, കർഷക, ദുർബല വിഭാഗങ്ങളിലെ ഉപയോക്താക്കൾക്ക്‌ ഏറ്റവും അനുകൂലമായ രീതിയിൽ ക്രോസ്‌ സബ്‌സിഡി നടപ്പാക്കുന്ന സംസ്ഥാനമാണ്‌ കേരളം. വൻകിട ഉപയോക്താക്കളിൽനിന്ന്‌ കൂടിയ നിരക്ക്‌ ഈടാക്കി അതിൽനിന്നുള്ള ലാഭം സാധാരണക്കാർക്ക്‌ കുറഞ്ഞ നിരക്കിൽ നൽകുന്നതാണ്‌ ക്രോസ്‌ സബ്‌സിഡി. ബിൽ പാസായാൽ കെഎസ്‌ഇബിക്ക്‌ ക്രോസ്‌സബ്‌സിഡി നടപ്പാക്കാൻ കഴിയാതെവരും. വിതരണമേഖലയിലേക്ക്‌ പുതുതായി കടന്നുവരുന്ന ഏജൻസികൾ  ആദ്യം ഉന്നമിടുക വൻകിട ഉപയോക്താക്കളെയാകും. കെഎസ്‌ഇബി നൽകുന്ന നിരക്കിനേക്കാൾ കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകുന്നതോടെ കെഎസ്‌ഇബിയുടെ ഇത്തരം ഉപയോക്താക്കൾ സ്വകാര്യ കമ്പനികളെ ആശ്രയിക്കും. ഇതോടെ ദുർബലവിഭാഗങ്ങൾക്കും നിരക്ക്‌ ഉയർത്താൻ കെഎസ്‌ഇബി നിർബന്ധിതമാകും. മൂന്നുമാസത്തിലൊരിക്കൽ നിരക്ക്‌ വർധിപ്പിക്കണമെന്നാണ്‌ വൈദ്യുതിനിയമ ഭേദഗതി നിർദേശം. കെഎസ്‌ഇബിയുടെ വിതരണശൃംഖല യഥേഷ്ടം സ്വകാര്യ കമ്പനികൾക്ക്‌ ഉപയോഗിക്കാൻ കഴിയും. ഏറ്റവും കുറവ്‌ വിതരണനഷ്ടമുള്ള സംസ്ഥാനമാണ്‌ കേരളം. ഇത്‌ മുതലെടുക്കാൻ സ്വകാര്യ കമ്പനികൾക്ക്‌ അവസരം നൽകുന്നതാണ് ബിൽ. വിതരണശൃംഖല വിട്ടുകൊടുത്തില്ലെങ്കിൽ കെഎസ്‌ഇബിയിൽനിന്ന്‌ പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്‌.  സ്വകാര്യ കമ്പനികൾക്ക്‌ സംസ്ഥാനങ്ങളിലേക്ക്‌ അനായാസം കടന്നുവരാൻ വഴിയൊരുക്കുന്ന നിർദേശങ്ങളും കെഎസ്‌ഇബിക്ക്‌ ദോഷമാകും. Read on deshabhimani.com

Related News