ഇലക്‌ട്രിക്‌ വാഹനങ്ങൾക്കായി 56 പുതിയ ചാർജിങ്‌ സ്‌റ്റേഷനുകൾ ; പൊതുജനങ്ങൾക്ക് ഗോ ഇലക്‌ട്രിക്‌ പദ്ധതി



  തിരുവനന്തപുരം>  ഇലക്ട്രിക്‌ വാഹനങ്ങൾക്കായി എല്ലാ ജില്ലകളിലുമായി കെ എസ് ഇ ബിയുടെ 56 ചാര്‍ജിങ്‌ സ്റ്റേഷനുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും  ഇതില്‍ 40 എണ്ണമെങ്കിലും നവംബറില്‍ പൂര്‍ത്തീകരിക്കാനാകുമെന്നും വൈദ്യുതി മന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു.  അനര്‍ട്ടിന്റെ 3 ചാര്‍ജിങ്‌ സ്റ്റേഷനുകളുടെ നിര്‍മ്മാണവും നവംബറോടെ പൂര്‍ത്തിയാകും. ഇന്ന്‌ വിപണിയില്‍ ലഭ്യമായ എല്ലാവിധ കാറുകളും, ഓട്ടോറിക്ഷാ, ഇരുചക്രവാഹനങ്ങള്‍ എന്നിവയും ചാര്‍ജ്‌ ചെയ്യാനുള്ള സംവിധാനം ഈ സ്റ്റേഷനുകളില്‍ ഉണ്ടാകും. ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങള്‍ എന്നിവ ചാര്‍ജ്‌ ചെയ്യുന്നതിനുള്ള ബൃഹത്തായ ഒരു ശൃംഖല സംസ്ഥാനത്തുടനീളം സ്ഥാപിക്കുന്നതിന്റെ ഭാഗമായി കെഎസ്‌ഇബിയുടെ ഡിസ്ട്രിബ്യൂഷന്‍ പോളുകളില്‍ ചാര്‍ജ്‌ പോയിന്റുകള്‍ സ്ഥാപിക്കുന്ന ഒരു പൈലറ്റ്‌ പ്രോജക്റ്റ്‌ അടുത്ത മാസം പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്നു. ഇ -ഓട്ടോറിക്ഷ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള കോഴിക്കോട്‌ സിറ്റിയിലാണ്‌ 10 ചാര്‍ജ്‌ പോയിന്റുകൾ ഉള്‍പ്പെടുന്ന പൈലറ്റ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഇതിന്റെ പ്രവര്‍ത്തനം വിലയിരുത്തിയതിനു ശേഷം സംസ്ഥാനത്തു വ്യാപിപ്പിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. അനർട്ട് മുഖേന ഗവൺമെൻറ് സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും ഇലക്ട്രിക് വാഹനങ്ങൾ പാട്ടത്തിന്‌  നൽകുന്ന കാർബൺ ന്യൂട്രൽ ഗവണേൻസ് പദ്ധതിയുടെ ഭാഗമായി 30 വാഹനങ്ങൾ നിരത്തുകളിൽ എത്തിക്കുവാൻ സാധിച്ചു.  നവംബറോടെ 20 വാഹനങ്ങള്‍ കൂടി നിരത്തിലിറക്കും. ഗോ ഇലക്ട്രിക് പദ്ധതി പ്രകാരം കേരളത്തിലെ പൊതുജനങ്ങൾക്ക് വിപണിവിലയെക്കാൾ കുറഞ്ഞ നിരക്കിൽ ഇലക്ട്രിക് ടൂവീലറുകൾ വാങ്ങുവാൻ സാധിക്കും പൊതുജനങ്ങൾക്ക് എംപാനൽ ചെയ്യപ്പെട്ടിരിക്കുന്ന 6 വാഹന നിർമാതാക്കളിൽ നിന്നും ഇലക്ട്രിക് ടൂവീലറുകൾ  www.MyEV.org.in  എന്ന വെബ് സൈറ്റിൽ നിന്നും, കൂടാതെ MyEV മൊബൈൽ ആപ്പ് (ഗൂഗിൾ പ്ലേ സ്റ്റോറിലും, ആപ്പിൾ ആപ്പ്സ്റ്റോറിലും ലഭ്യമാണ്) വഴിയും ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇത്തരത്തിൽ വാങ്ങുന്ന വാഹനങ്ങൾക്ക് ഇരുപതിനായിരം മുതൽ 43,000 രൂപ വരെ സബ്സിഡി ലഭിക്കുന്നതാണ് . ഇതിനുപുറമേ എനർജി മാനേജ്മെൻറ് സെന്റർ സംസ്ഥാനത്തെ  താല്പര്യമുള്ള ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് കുറഞ്ഞ ചെലവിൽ ഇലക്ട്രിക് ഓട്ടോറിക്ഷ നൽകുന്നതിനുള്ള പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. Read on deshabhimani.com

Related News