പത്തനംതിട്ടയിൽ ഒരുങ്ങുന്നു കെഎസ്‌ഇബി 
ഇ -ചാര്‍ജിങ് സ്റ്റേഷന്‍

പൂങ്കാവ് ജങ്ഷനിൽ സ്ഥാപിച്ച കെഎസ്ഇബിയുടെ ഇ ചാർജിങ് സംവിധാനം


പത്തനംതിട്ട  > ജില്ലയിൽ വൈദ്യുതിബോർഡിന്റെ നേതൃത്വത്തിലുള്ള ഇ-ചാർജിങ് സ്റ്റേഷനുകൾ ഒരുങ്ങുന്നു. സംസ്ഥാന സർക്കാരിന്റെ  നവകേരള നിർമാണ നയത്തോടനുബന്ധിച്ചാണ് ഹരിത ഊർജോപയോ​ഗത്തിന് പ്രാധാന്യം നൽകുന്ന വൈദ്യുത വാഹന ഉപയോഗത്തിന് പ്രോത്സാഹനം നൽകുന്നത്. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് വൈദ്യുത വാഹനങ്ങൾക്ക് റീചാർജിങ്  സ്റ്റേഷനുകൾ ആരംഭിക്കുന്നത്.   ജില്ലയിൽ പത്തനംതിട്ട, തിരുവല്ല, പമ്പ, എന്നിവിടങ്ങളിലാണ് ആദ്യഘട്ടമെന്ന നിലയിൽ  ചാർജിങ് സ്റ്റേഷനുകൾ  തുടങ്ങുന്നത്. പത്തനംതിട്ടയിൽ സ്റ്റേഷൻ  നിർമാണം പൂർത്തിയായി. കമീഷനിങ്  നടപടികളാണ് ബാക്കിയുള്ളത്. തിരുവല്ലയിലും യന്ത്രങ്ങൾ സ്ഥാപിക്കൽ അവസാന ഘട്ടത്തിലാണ്‌. പമ്പയിൽ കെട്ടിടം നിർമിച്ചു. യന്ത്രസാമഗ്രികൾ ഉടൻ സ്ഥാപിക്കും. ഒരേസമയം മൂന്ന് വാഹനങ്ങൾക്ക് ഒരുമിച്ച് ചാർജ് ചെയ്യാവുന്ന സംവിധാനമാണ് മൂന്നിടത്തും ഒരുക്കുന്നത്. ഓട്ടോ അടക്കമുള്ള രണ്ട് ചെറിയ വാഹനങ്ങൾക്കും ഒരു വലിയ വാഹനത്തിനും ഒരുമിച്ച്  സംവിധാനം ഉപയോ​ഗപ്പെടുത്താം. അതിവേഗ ചാർജിങ് സംവിധാനമാണ് എല്ലായിടത്തും ഒരുക്കുന്നത്. വാഹനങ്ങളുടെ ബാറ്ററി അടക്കമുള്ളവയുടെ നിലവാരമനുസരിച്ച് ഒന്നു മുതൽ ഒന്നര മണിക്കൂറിനകം  വാഹനം പൂർണമായും ചാർജ് ചെയ്യാമെന്ന് കരുതുന്നതായി വൈദ്യുതി ബോർഡ് അധികൃതർ പറഞ്ഞു.   ഇതോടൊപ്പം ജില്ലയിൽ 30 കേന്ദ്രങ്ങളിൽ വൈദ്യുതി തൂണുകളോടനുബന്ധിച്ച് ചെറു വാഹനങ്ങൾക്ക് ചാർജ് ചെയ്യാവുന്ന വിധത്തിൽ ചാർജിങ് കേന്ദ്രങ്ങളും തയാറായി വരുന്നു. വഴിയരികിൽ വാഹനം നിർത്തിയിടാൻ പറ്റുന്ന സ്ഥലങ്ങൾ  നോക്കിയാണ് ഇത്തരം  കേന്ദ്രങ്ങൾ ഒരുക്കുന്നത്. ഓട്ടോ സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചും ഇത്തരം സംവിധാനം തയാറാകുന്നുണ്ട്. പ്രത്യേക ആപ്പ് മുഖേനയാണ് ഇ–- സ്റ്റേഷനുകളിൽ നിന്നും ഉപഭോക്താവിന് വാഹനങ്ങൾ ചാർജ് ചെയ്യാനാവുക. എത്ര യൂണിറ്റ് ചാർജ് ചെയ്യണമെന്നും ആപ്പ് വഴി തെരഞ്ഞെടുക്കാം.  ഇതിനുവേണ്ട തുകയും ഓൺലൈനിലൂടെ അടയ്ക്കാം. Read on deshabhimani.com

Related News