‘ഐഡിയ’ക്ക് കെഎസ്ഇബി ‘മൈഡിയ’



തിരുവനന്തപുരം > വൈദ്യുതിമേഖലയിൽ കണ്ടുപിടിത്തങ്ങൾക്കും ഉപകരണങ്ങൾ വികസിപ്പിക്കാനും കെഎസ്‌ഇബി യൂണിറ്റ്‌ തുടങ്ങുന്നു. ‘മൈഡിയ’ എന്ന പേരിൽ ചേർത്തലയിലാണ്‌ യൂണിറ്റ്‌ ആരംഭിക്കുന്നത്‌.  പുത്തൻ സാങ്കേതികവിദ്യകളുടെ കണ്ടെത്തൽ, ഇവ ഉപയോഗിച്ച്‌ ഉപകരണങ്ങളുടെയും അനുബന്ധ ഘടകങ്ങളുടെയും നിർമാണം, അനുയോജ്യമായ സാങ്കേതികവിദ്യ തെരഞ്ഞെടുക്കൽ, പുറത്തുനിന്നുള്ളവർ സമർപ്പിക്കുന്ന നൂതന സംവിധാനങ്ങളുടെയും പദ്ധതികളുടെയും പരിശോധന തുടങ്ങിയവ യൂണിറ്റ്‌ നിർവഹിക്കും. ആദ്യഘട്ടം എബി സ്വിച്ചുകളിൽ വൈദ്യുതി സാന്നിധ്യം അറിയിക്കുന്ന സംവിധാനം വികസിപ്പിക്കൽ, എർത്ത്‌ സ്‌പൈക്കുകളുടെ നിർമാണം, പോസ്റ്റിൽ എളുപ്പം കയറാനുള്ള മാർഗം തയ്യാറാക്കൽ തുടങ്ങിയവയാകും പ്രവർത്തനം. ഒരുവർഷം പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിക്കും. വിജയകരമെങ്കിൽ രാജ്യത്തെ വൈദ്യുത സ്ഥാപനങ്ങൾക്ക്‌ ഉപകരണങ്ങൾ നിർമിച്ച്‌ വിൽപ്പന നടത്തുംവിധം യൂണിറ്റ്‌ വിപുലീകരിക്കും. കെഎസ്‌ഇബിയിലെ വിദഗ്ധരായ ജീവനക്കാർ ഇതിനകം നിരവധി സാങ്കേതിക സംവിധാനങ്ങൾ വികസിപ്പിച്ചിട്ടുണ്ട്‌. ചേർത്തല 66 കെവി സബ്‌സ്‌റ്റേഷനിലെ ക്വാർട്ടേഴ്‌സിലാണ്‌ യൂണിറ്റ്‌. അനുയോജ്യരായ അസിസ്റ്റന്റ്‌ എൻജിനിയർ, സബ്‌ എൻജിനിയർ, സീനിയർ അസിസ്റ്റന്റ്‌ എന്നിവരെ വർക്കിങ്‌ അറേഞ്ച്‌മെന്റ്‌–- ഡെപ്യൂട്ടേഷൻ വ്യവസ്ഥകളിൽ നിയമിക്കും. യൂണിറ്റിന്‌ അനുമതി നൽകി കെഎസ്‌ഇബി ഉത്തരവായി. പ്രാഥമിക ചെലവിന്‌ നാല്‌ ലക്ഷം രൂപയും അനുവദിച്ചു. Read on deshabhimani.com

Related News