കെഎസ്‌ഡിപി മരുന്ന്‌ നിർമാണം വർധിപ്പിച്ചു ; - സാനിറ്റൈസർ പ്രതിദിനം അരലക്ഷം ബോട്ടിൽ



കോവിഡ്‌ പ്രതിരോധത്തിന്റെ ഭാഗമായി കലവൂരിലെ കെഎസ്‌ഡിപി  മരുന്നുകളുടെ ഉൽപ്പാദനം വർധിപ്പിച്ചു. കോവിഡ്‌ രോഗികളെ ബാധിക്കുന്ന പനി, ചുമ തുടങ്ങിയവയ്‌ക്കുള്ള പാരസെറ്റമോൾ, അമോക്‌സിലിൻ, അസിത്രോമൈസിൻ, സെട്രാസിൻ, ചുമയ്ക്കുള്ള മരുന്ന്‌ തുടങ്ങിയ ഏഴിനങ്ങളുടെ ഉൽപ്പാദനമാണ്‌ യുദ്ധകാലടിസ്ഥാനത്തിൽ വർധിപ്പിച്ചത്‌. സർക്കാർ ഇതുസംബന്ധിച്ച്‌ നിർദ്ദേശം നൽകിയിരുന്നു. ഈ മരുന്നുകൾ മുഴുവൻ മെഡിക്കൽ സർവീസ്‌ കോർപറേഷൻ വാങ്ങി ആശുപത്രികളിൽ എത്തിക്കും. പ്രവർത്തനമൂലധനമായി കെഎസ്‌ഡിപിക്ക്‌ 25 കോടി രൂപ നൽകാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഈ പണം കൈമാറിയെന്ന്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ അറിയിച്ചു.   സാനിറ്റൈസർ പ്രതിദിനം അരലക്ഷം ബോട്ടിൽ പ്രതിദിനം 50,000 ബോട്ടിൽ സാനിറ്റൈസറാണ്‌ കെഎസ്‌ഡിപി ഉൽപ്പാദിപ്പിക്കുന്നത്‌. കഴിഞ്ഞയാഴ്‌ച ഇത്‌ 20,000 ആയിരുന്നു. ഒരു ലക്ഷമാണ്‌ ലക്ഷ്യം. ട്രാവൻകൂർ ഷുഗേഴ്സാണ്‌ നൽകുന്ന ആൾക്കഹോൾ സുരക്ഷിതമായി സൂക്ഷിക്കാനുള്ള ഷെഡിന്റെ നിർമാണം തുടങ്ങിക്കഴിഞ്ഞു.  മറ്റ്‌ വിഭാഗങ്ങളിലെ തൊഴിലാളികളെ സാനിറ്റൈസർ പ്ലാന്റിലേക്ക്‌ താൽക്കാലികമായി മാറ്റിയാണ്‌ ഉൽപ്പാദനം വർധിപ്പിച്ചത്‌. എന്നാൽ മരുന്നു നിർമാണം വർധിപ്പിച്ചതോടെ ഈ ജീവനക്കാരെ മാതൃവിഭാഗങ്ങളിലേക്ക്‌ തിരിച്ചയച്ചു. പകരം സമീപ പഞ്ചായത്തുകളിൽനിന്ന്‌ 180ഓളം തൊഴിലാളികളെ താൽക്കാലികമായി നിയമിച്ചു. അഞ്ച്‌ ലക്ഷം രൂപയ്‌ക്ക്‌ പുതിയൊരു ഓട്ടോമാറ്റിക് ഫില്ലിങ് മെഷീന് ഓർഡർ നൽകിയിട്ടുണ്ടെന്ന്‌ ചെയർമാൻ സി ബി ചന്ദ്രബാബു അറിയിച്ചു. മാസ്‌ക്‌ നിർമാണം ഉടൻ ഡബ്ല്യുഎച്ച്ഒ സ്‌റ്റാൻഡേർഡിലുള്ള മാസ്‌കുകൾക്ക്‌ കെഎസ്‌ഡിപിക്ക്‌ ഓർഡർ ലഭിച്ചിട്ടുണ്ട്‌. നിർമാണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെങ്കിലും പ്രത്യേക ഫിൽട്ടർ തുണി ലഭ്യമല്ലാത്തതിനാൽ നിർമാണം തുടങ്ങാനായിട്ടില്ല. ഇവ ഉൽപ്പാദകരിൽനിന്ന്‌ നേരിട്ട്‌ വാങ്ങാനുള്ള നീക്കം സർക്കാർതലത്തിൽ പുരോഗമിക്കുന്നു. മാസ്‌കിന്റെ തയ്യൽജോലികൾ നിർവഹിക്കാൻ കുടുംബശ്രീയെയും കണിച്ചുകുളങ്ങര യേശുഭവനെയും ചുമതലപ്പെടുത്തി. ലോക്ക്‌ ഡൗണിൽ ലോഡ്‌ കുടുങ്ങി അതേസമയം ഫാക്‌ടറിയിലേക്കുള്ള ചരക്കുനീക്കത്തെ ലോക്ഡൗൺ പ്രതികൂലമായി ബാധിച്ചു. രണ്ട്‌ ലോഡ് രാസവസ്‌തുക്കൾ സേലത്ത് കുടുങ്ങിക്കിടക്കുകയാണ്‌. കേരളത്തിലേക്ക്‌ വരാൻ ഡ്രൈവർമാർ മടിക്കുന്നതാണ്‌ കാരണം. കൂടാതെ രണ്ടുലക്ഷം ലിറ്റർ ആൾക്കഹോൾ കോളാർ ചെക്ക്പോസ്‌റ്റിലും മഹാരാഷ്‌ട്ര അതിർത്തിയിലും മൂന്നുദിവസമായി കുടുങ്ങി കിടക്കുന്നു. Read on deshabhimani.com

Related News