ചരിത്രമെഴുതി കെഎസ്‌ഡിപി; ഒരു ദിവസം ഒരുലക്ഷംബോട്ടില്‍ സാനിറ്റൈസര്‍ നിര്‍മിച്ചു



തിരുവനന്തപുരം > കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വ്യവസായ വകുപ്പിന് കീഴിലുള്ള കേരള ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് (കെഎസ്‌ഡിപി) ഒറ്റ ദിവസം കൊണ്ട് ഒരുലക്ഷം ബോട്ടില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മിച്ചു. കൊറോണ രോഗം വ്യാപിക്കുകയും സാനിറ്റൈസറിന് ആവശ്യക്കാര്‍ ഏറുകയും ചെയ്‌ത സാഹചര്യത്തില്‍ ഒരാഴ്‌ച‌ക്കുള്ളില്‍ നിര്‍മ്മാണം പല മടങ്ങായി വര്‍ദ്ധിപ്പിച്ചത്.  ഇതോടെ വിതരണം വിപുലമാക്കാന്‍ സാധിച്ചു. അടിയന്തര സാഹചര്യത്തില്‍ നാടിനു വേണ്ടി ഒരു പൊതുമേഖലാ സ്ഥാപനത്തിന് എത്ര ഫലപ്രദമായി ഇടപെടാന്‍ കഴിയുമെന്ന് കാണിച്ചു കൊടുക്കുകയാണ് കെഎസ്ഡിപി. കൊറോണ പടര്‍ന്ന സാഹചര്യത്തില്‍ പ്രതിരോധം ശക്തമാക്കാന്‍ സംസ്ഥാന ഗവണ്‍മെന്റ് ആവശ്യപ്പെട്ട പ്രകാരമാണ് കെഎസ്‌ഡിപി ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മാണം തുടങ്ങിയത്. തുടക്കത്തില്‍ രണ്ടായിരം ബോട്ടില്‍ മാത്രമാണ് തയ്യാറാക്കിയത്. കെഎസ്‌ഡിപി തയ്യാറാക്കിയ സാനിറ്റൈസര്‍ തുടക്കത്തില്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് (കെ.എം.എസ്.സി.എല്‍) മാത്രമായിരുന്നു നല്‍കിയത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും മറ്റു സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി വിതരണം ചെയ്യാനായിരുന്നു ഇതുപയോഗിച്ചത്. ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ വെള്ളിയാഴ്ച തദ്ദേശ സ്ഥാപനങ്ങള്‍, കെഎസ്ഇബി, കെഎസ്ആര്‍ടിസി, വനിതാ ശിശുക്ഷേമ വകുപ്പ്, സപ്ലൈകോ തുടങ്ങിയവര്‍ക്കും സാനിറ്റൈസര്‍ നല്‍കി. കെഎസ്ഡിപിയില്‍ മൂന്ന് ഷിഫ്റ്റുകളിലായി ഇരുനൂറിലധികം പേര്‍ ജോലി ചെയ്‌താണ് ഒരു ലക്ഷം സാനിറ്റൈസര്‍ നിര്‍മ്മിച്ചത്. മറ്റു മരുന്ന് നിര്‍മ്മാണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് മുഴുവന്‍ ജീവനക്കാരെയും സാനിറ്റൈസര്‍ നിര്‍മ്മാണത്തിന് നിയോഗിച്ചിരിക്കുകയാണ്. അസംസ്‌കൃത വസ്‌തുക്കളുടെ ദൗര്‍ലഭ്യം കാരണം നിര്‍മ്മാണം മുടങ്ങുന്ന സ്ഥിതിയുണ്ടായിരുന്നു. അസംസ്‌കൃത വസ്‌തുക്കള്‍ നല്‍കിയ സ്വകാര്യ കമ്പനികള്‍ വില വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചതാണ് തിരിച്ചടിയായത്. ഈ സാഹചര്യത്തില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ ഇടപെട്ട് എക്‌സൈസ് വകുപ്പില്‍ നിന്ന് ആവശ്യമായ അസംസ്‌കൃത വസ്‌തു ലഭ്യമാക്കി. Read on deshabhimani.com

Related News