കൃഷ്ണഗിരിയിൽ പുതിയ ജയിൽ: റവന്യു വകുപ്പ്‌ നാല്‌ ഏക്കർ ഭൂമി കൈമാറി



കൽപ്പറ്റ> കൂടുതൽ മെച്ചപ്പെട്ട സൗകര്യത്തോടെ ജില്ലാ ജയിൽ സ്ഥാപിക്കാൻ കൃഷ്ണഗിരി വില്ലേജിൽ റവന്യു വകുപ്പ്‌ അനുവദിച്ച നാലേക്കർ ഭൂമി കേരളാ പ്രിസൺസ് ആൻ്റ് കറക്ഷണൽ സർവ്വീസസ് വകുപ്പിനു കൈമാറി. സുൽത്താൻ ബത്തേരി താലൂക്ക് തഹസിൽദാർ ഷാജിയിൽ നിന്നും ജയിൽ ആസ്ഥാനകാര്യാലയം ഡി ഐ ജി വിനോദ് കുമാർ രേഖകൾ ഔപചാരികമായി ഏറ്റുവാങ്ങി. ചടങ്ങിൽ ഉത്തരമേഖല റീജണൽ വെൽഫയർ ഓഫീസർ ശിവപ്രസാദ്, തവനൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോം ജോയിൻ്റ് സൂപ്രണ്ട് കെ വി ബൈജു, കെജെഎസ്ഒഎ സംസ്ഥാന പ്രസിഡൻ്റ് റിനേഷ് സി പി എന്നിവർസംസാരിച്ചു . വൈത്തിരി സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് സിയാദ് വി എം സ്വാഗതവും നോഡൽ ഓഫീസർ ഷിനോജ് പി സി നന്ദിയും പറഞ്ഞു. കൃഷ്ണഗിരി വില്ലേജ്‌ ഓഫീസിനടുത്ത്‌ കാട്ടിക്കുന്ന്‌ റോഡിൽ കോഫി ഫാക്ടറിയോട്‌ ചേർന്ന്‌  സ്വകാര്യ വ്യക്തിയിൽനിന്ന്‌ റവന്യു വകുപ്പ്‌ നേരത്തെ പിടിച്ചെടുത്ത ഭൂമിയിലാണ്‌ ജയിൽ സ്ഥാപിക്കുന്നത്‌. ആധുനിക സൗകര്യങ്ങളോടെയാകും പുതിയ ജയിൽ. ഒരുവർഷത്തിനകം ജയിൽ നിർമിക്കണം എന്ന നിബന്ധനയോടെയാണ്‌ റവന്യു വകുപ്പ്‌ സ്ഥലം അനുവദിച്ചത്‌. മയക്കുമരുന്ന്‌ ഉൾപ്പെടെ കേസുകൾ കൂടിയതോടെ ജില്ലയിലെ ജയിലുകളിൽ സ്ഥലപരിമിതിയുണ്ട്‌. മാനന്തവാടി ജില്ലാ ജയിലിൽ 43 പേരെയും വൈത്തിരി സ്പെഷ്യൽ സബ്ജയിലിൽ 16 പേരെയും മാത്രമേ പാർപ്പിക്കാനാവൂ. രണ്ട് ജയിലുകളിലും ഉൾകൊള്ളാവുന്നതിൽ അധികം തടവുകാരാണുള്ളത്. ഇത്തരം സാഹചര്യങ്ങളിൽ കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ജയിലുകളിലേക്കാണ് തടവുകാരെ മാറ്റിപാർപ്പിക്കുന്നത്. കഴിഞ്ഞവർഷം മാത്രം 500 ൽ പരം തടവുകാരെയാണ് ഇങ്ങനെ ജില്ല വിട്ട് പാർപ്പിക്കേണ്ടതായി വന്നത്. ജില്ലയിൽ പുതിയ ജയിൽ സ്ഥാപിക്കുന്നതോടെ ഈ പ്രതിസന്ധികൾ തരണം ചെയ്യാൻ കഴിയുമെന്നാണ്  വകുപ്പ് കണക്ക് കൂട്ടുന്നത്. Read on deshabhimani.com

Related News