കേരള പേപ്പർ പ്രോഡക്‌ട്‌സ്‌ ലിമിറ്റഡിൽ ന്യൂസ്‌ പ്രിന്റ്‌ ഉൽപ്പാദനം 
നാളെ ഉദ്‌ഘാടനം ചെയ്യും



വെള്ളൂർ സംസ്ഥാന സർക്കാർ പുതുതായി രൂപീകരിച്ച കേരള പേപ്പർ പ്രോഡക്‌ട്‌സ്‌ ലിമിറ്റഡിൽ (കെപിപിഎൽ) ന്യൂസ്‌ പ്രിന്റ്‌  ഉൽപാദനം വ്യാഴാഴ്‌ച പകൽ 11ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുമെന്ന്‌ വ്യവസായ മന്ത്രി പി രാജീവ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര സർക്കാർ വിൽപനയ്‌ക്ക്‌ വച്ച ഹിന്ദുസ്ഥാൻ ന്യൂസ്‌ പ്രിന്റ്‌ ലിമിറ്റഡ്‌ (എച്ച്‌എൻഎൽ)  സംസ്ഥാന സർക്കാർ  ലേലത്തിൽ സ്വന്തമാക്കിയാണ്‌ കെപിപിഎല്ലായി പുനരുജ്ജീവിപ്പിച്ചത്‌. കടലാസ്‌ കൊണ്ടുള്ള മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണത്തിലേക്ക്‌ എത്തുന്ന വൻ വികസന പദ്ധതിയാണ്‌ കെപിപിഎല്ലിൽ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജനുവരി ഒന്നിന്‌ ആരംഭിച്ച ഒന്നാംഘട്ട പുനരുദ്ധാരണം പൂർത്തിയായി. പേപ്പർ മെഷീൻ, ഡീ ഇങ്കിങ് പ്ലാന്റ്, പവർ ബോയിലറുകൾ എന്നിവയുടെ   അറ്റകുറ്റപ്പണി പൂർത്തിയാക്കി ട്രയൽ റൺ നടത്തി. ഇതുവരെ 252 ജീവനക്കാരെ മാനേജേരിയൽ – മാനേജേരിയൽ ഇതര വിഭാഗങ്ങളിൽ നിയോഗിച്ചു. മാർച്ച്‌ 17ന്‌ ആരംഭിച്ച രണ്ടാംഘട്ട പുനരുദ്ധാരണം പുരോഗമിക്കുകയാണ്‌. ഇതോടെ കെപിപിഎല്ലിന് 42 ജിഎസ്എം, 45 ജിഎസ്എം ഗ്രാമേജുകളുള്ള ന്യൂസ് പ്രിന്റും നോട്ട്ബുക്ക്, അച്ചടി പുസ്തക മേഖലകളിൽ ഉപയോഗിക്കുന്ന അൺ സർഫസ് ഗ്രേഡ് റൈറ്റിങ്, പ്രിന്റിങ് പേപ്പറുകൾ എന്നിവയും ഉൽപാദിപ്പിക്കാനാകും. 46 മാസത്തിൽ പൂർത്തിയാക്കുന്ന നാലുഘട്ട പുനരുദ്ധാരണത്തിലൂടെ 3,000 കോടി രൂപയുടെ വിറ്റുവരവുള്ള സ്ഥാപനമായി കെപിപിഎൽ മാറുമെന്നും മന്ത്രി പറഞ്ഞു. കെപിപിഎൽ സ്‌പെഷ്യൽ ഓഫീസർ പ്രസാദ്‌ ബാലകൃഷ്‌ണൻ നായർ പങ്കെടുത്തു. Read on deshabhimani.com

Related News