‘വണ്ടിക്കൂലി പോയി, അല്ലേ ചാണ്ടിസാറേ...?’ പുനഃസംഘടനയിൽ ഒ സി ആർമിയും കെ എസ്‌ ബ്രിഗേഡും നേർക്കുനേർ



കൊച്ചി > ‘ഇനി നമുക്ക്‌ പരലോകത്ത്‌ പോയി സംഘടനയുണ്ടാക്കാം അമ്മാവാ... അതുവരെയൊന്ന്‌ വിശ്രമിക്കു’ കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട ഉമ്മൻ ചാണ്ടിയുടെ വാർത്തയ്‌ക്ക്‌ കീഴിൽ കോൺഗ്രസ്‌ പ്രവർത്തകരുടെ കമന്റ്‌ ഈ രീതിയിലാണ്‌. കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട്‌ കോൺഗ്രസ്‌ നേതാക്കൾക്കിടയിലെ പോര്‌ ഇപ്പോൾ പ്രവർത്തകരിലൂടെ സമൂഹമാധ്യമങ്ങളിലും പടരുകയാണ്‌.  പുനഃസംഘടന നിർത്തിവയ്‌ക്കണമെന്ന ആവശ്യവുമായി ഡൽഹിയിൽ സോണിയ ഗാന്ധിയെ കണ്ട ശേഷം ഉമ്മൻചാണ്ടി മാധ്യമങ്ങളോട്‌ പ്രതികരിക്കുന്ന വാർത്തയ്‌ക്ക്‌ കീഴിലാണ്‌ ഒ സി ആർമിയും കെ എസ്‌ ബ്രിഗേഡും ഏറ്റുമുട്ടിയത്‌. നിരവധി കോൺഗ്രസ്‌ പ്രവർത്തകരാണ്‌ ഉമ്മൻ ചാണ്ടിക്കെതിരെ അധിക്ഷേപകരമായ കമന്റുകളുമായി രംഗത്ത്‌ വന്നിരിക്കുന്നത്‌. ഇതിനെല്ലാം മറുപടിയുമായി ഉമ്മൻ ചാണ്ടിയുടെ അനുയായികളും രംഗത്തുണ്ട്‌. കെപിസിസി  പുനഃസംഘടനയുമായി ബന്ധപ്പെട്ട വിഷയത്തില്‍  ഡല്‍ഹിയിലെത്തിയ ഉമ്മന്‍ചാണ്ടി ഹൈക്കമാന്റമായി ചര്‍ച്ച നടത്തിയിരുന്നു. പുനഃസംഘടന നിർത്തിവയ്ക്കണമെന്ന ആവശ്യവുമായി  ഉമ്മൻചാണ്ടി ഡൽഹിയിലെത്തിയതിന്‌ പിന്നാലെ വിട്ടുവീഴ്‌ചയ്‌ക്കില്ലെന്ന്‌ സംസ്ഥാന നേതൃത്വവും പ്രഖ്യാപിച്ചു. ഇതോടെ കോൺഗ്രസിൽ പോര്‌ കൂടുതൽ മുറുകി. കോൺഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധിയെ കണ്ട ഉമ്മൻ ചാണ്ടി നേതൃത്വത്തിന്റെ ഏകപക്ഷീയ നടപടികൾ അക്കമിട്ട്‌ നിരത്തിയതായാണ്‌ സൂചന. ഇതേ പരാതിയുമായി രമേശ്‌ ചെന്നിത്തലയും ഡൽഹിയിലെത്തും. ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും സമ്മർദ്ദത്തിന്  വഴങ്ങില്ലെന്ന കർശന നിലപാടിലാണ്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ.  കേരള ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ ഉമ്മൻചാണ്ടി കണ്ടതിന് പിന്നാലെ പുനഃസംഘടനയ്ക്കുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്ന പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ  പ്രതികരണം പരസ്യഏറ്റുമുട്ടലിനും മടിക്കില്ലെന്നതിന്റെ സൂചനയാണ്‌.  24, 25 തീയതികളിൽ നടക്കുന്ന സംസ്ഥാന ക്യാമ്പിൽ പുനഃസംഘടനാ മാനദണ്ഡങ്ങൾക്ക് അന്തിമരൂപം നൽകാനാണ്‌ തീരുമാനം. അതിനിടെ, ഉമ്മൻചാണ്ടിയുടെ വിശ്വസ്‌തനും മുൻ കെപിസിസി സെക്രട്ടറിയുമായ എം എ ലത്തീഫിന്റെ വിശദീകരണം കെ സുധാകരൻ തള്ളി. ലത്തീഫിനെതിരെ കൂടുതൽ അന്വേഷണം നടത്താൻ ജനറൽ സെക്രട്ടറിമാരായ ടി യു രാധാകൃഷ്‌ണൻ, അഡ്വ. പിഎം നിയാസ്‌ എന്നിവരെ നിയോഗിച്ചു. ഒരുവിട്ടുവീഴ്ചയുമില്ലെന്നാണ് ഇതിലൂടെ കെ സുധാകരനും വി ഡി സതീശനും വ്യക്തമാക്കുന്നത്.  വിമർശം വച്ചുപൊറുപ്പിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിന്ന്‌ എം എ ലത്തീഫിനെ പുറത്താക്കാനുള്ള തന്ത്രമാണ്‌ സുധാകരൻ ഒരുക്കുന്നത്‌. അച്ചടക്ക വാൾ വീശി എ, ഐ ഗ്രൂപ്പുകളിൽ ചോർച്ചയുണ്ടാക്കാനാണ്‌ നീക്കം. ഇത്‌ മനസ്സിലാക്കിയാണ്‌ സോണിയാഗാന്ധി വഴി തിരിച്ചടിക്കാൻ ഉമ്മൻചാണ്ടിയുടെയും ചെന്നിത്തലയുടെയും പുറപ്പാട്‌. കെ സി വേണുഗോപാലിന്റെ പിന്തുണയോടെയാണ്‌ കെ സുധാകരനും വി ഡി സതീശനും നീങ്ങുന്നത്‌. Read on deshabhimani.com

Related News