കെപിസിസി പുനഃസംഘടന ; തോൽപ്പിച്ചവരെ വെട്ടിനിരത്തും



തിരുവനന്തപുരം തെരഞ്ഞെടുപ്പിൽ പാലം വലിച്ച നേതാക്കളെ കെപിസിസി, ഡിസിസി പുനഃസംഘടനയിൽ വെട്ടിനിരത്താൻ നേതൃതലത്തിൽ ധാരണയായി. തോറ്റ സ്ഥാനാർഥികളുടെ ആരോപണത്തിന്‌ ഇരയായവരെയും കെപിസിസി മേഖലാ സമിതികൾ കുറ്റക്കാരെന്ന്‌ കണ്ടെത്തിയവരെയും ഒഴിവാക്കും. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ്‌ പാലോട്‌ രവി ഒഴികെയുള്ള ആരെയും പരിഗണിക്കില്ല. കെപിസിസിയുടെ അഞ്ച്‌ മേഖലാസമിതി നൽകിയ റിപ്പോർട്ടിൽ പേര്‌ ഉൾപ്പെട്ടവരുടെ പട്ടിക തയ്യാറാക്കുകയാണ്‌. വർക്കിങ്‌ പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്‌, ടി സിദ്ദിഖ്‌ എന്നിവർക്കാണ്‌ ചുമതല. പാലോട്‌ രവിക്കെതിരെ നെടുമങ്ങാട്‌ സ്ഥാനാർഥിയായിരുന്ന പി എസ്‌ പ്രശാന്ത്‌ സമിതിമുമ്പാകെ ഗുരുതര ആരോപണം ഉന്നയിച്ചെങ്കിലും തെളിവില്ലെന്നാണ്‌ നിലപാട്‌. പുനഃസംഘടനയുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിച്ചതായി കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും വി ഡി സതീശനും നടിക്കുന്നുണ്ടെങ്കിലും ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയും അണിയറയിൽ പടയൊരുക്കുകയാണ്‌. ഇവർ നിർദേശിക്കുന്നവരെ ഉൾപ്പെടുത്തി തർക്കം ഒഴിവാക്കാനാണ്‌ ശ്രമം. ഉമ്മൻചാണ്ടി അടക്കമുള്ള നേതാക്കളുടെ മക്കളെ  ഭാരവാഹികളാക്കാനുള്ള ചർച്ചയും പുരോഗമിക്കുന്നു. ചാണ്ടി ഉമ്മനെ കെപിസിസി ഭാരവാഹിയാക്കും. എ കെ ആന്റണി, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എന്നിവരുടെ മക്കളെയും പരിഗണിക്കുന്നു. കോൺഗ്രസിൽനിന്ന്‌ രാജിവച്ച പാലക്കാട്ടെ എ വി ഗോപിനാഥിനെ കെപിസിസി ഭാരവാഹിയാക്കാനുള്ള കെ സുധാകരന്റെ നീക്കത്തിന്‌ അവിടുത്തെ നേതാക്കൾ എതിരാണ്‌. തെരഞ്ഞെടുപ്പ്‌ പരാജയം വിലയിരുത്താൻ വ്യാഴാഴ്‌ച ചേരുന്ന യുഡിഎഫ്‌ യോഗത്തിൽ ഘടകകക്ഷികളുടെ റിപ്പോർട്ടുകൾ ചർച്ചയാകും. തിരുവനന്തപുരത്തെ നക്ഷത്ര ഹോട്ടലിലാണ്‌ യോഗം. തോൽവി സംബന്ധിച്ച്‌ യുഡിഎഫിലെ പല കക്ഷികളും ആരോപണം ഉന്നയിച്ചിരുന്നു. മുസ്ലിംലീഗ്‌, കേരള കോൺഗ്രസ്‌ ജോസഫ്‌ ഗ്രൂപ്പ്‌ നേതാക്കൾക്കെതിരെ കോൺഗ്രസ്‌ സമിതിയുടെ കുറ്റപ്പെടുത്തലുണ്ട്‌. ചവറയിലെ തോൽവിയിൽ കോൺഗ്രസിനെതിരെ ആർഎസ്‌പി രൂക്ഷ ആക്രമണമായിരുന്നു. ഘടകകക്ഷികളുടെ വികാരം പ്രതിഫലിച്ചാൽ യുഡിഎഫ്‌ യോഗം പ്രക്ഷുബ്‌ധമാകും. Read on deshabhimani.com

Related News