ഭാരവാഹിപ്പട്ടികയിലും തഴയപ്പെട്ട്‌ ഉമ്മൻചാണ്ടിയും ചെന്നിത്തലയും ; ജനറൽ സെക്രട്ടറിമാരിൽ എട്ടുപേർ വേണുഗോപാൽ പക്ഷക്കാർ



ന്യൂഡൽഹി കെപിസിസി ഭാരവാഹിപ്പട്ടികയിലും ഉമ്മൻചാണ്ടിയുടെ എ ഗ്രൂപ്പിനെയും രമേശ്‌ ചെന്നിത്തലയുടെ ഐ ഗ്രൂപ്പിനെയും ചവിട്ടിയൊതുക്കി കെ സി വേണുഗോപാൽ–- കെ സുധാകരൻ–- വി ഡി സതീശൻ കൂട്ടുകെട്ട്‌. 56 അംഗ പട്ടികയിൽ ഉമ്മൻചാണ്ടിയോടും ചെന്നിത്തലയോടും കൂറുപുലർത്തുന്നവർ പത്തിൽ താഴെ. നാല്‌ വൈസ്‌പ്രസിഡന്റുമാർ, ഒരു ട്രഷറർ, 23 ജനറൽ സെക്രട്ടറിമാർ, 28 എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങൾ. വനിതകൾ അഞ്ചുമാത്രം. നാല്‌ വൈസ്‌ പ്രസിഡന്റുമാരിൽ വനിതകളില്ല. സ്ഥാനത്തേക്ക്‌ പ്രതീക്ഷിക്കപ്പെട്ടിരുന്ന പത്മജ വേണുഗോപാലിനെ നിർവാഹകസമിതിയിൽ ഒതുക്കി. കൊല്ലം ഡിസിസി പ്രസിഡന്റായിരുന്ന ബിന്ദു കൃഷ്‌ണ പട്ടികയിലില്ല. രാത്രി വൈകിയാണ്‌ പട്ടിക പുറത്തുവിട്ടത്‌. എൻ ശക്തൻ, വി ടി ബൽറാം, വി ജെ പൗലോസ്‌, വി പി സജീന്ദ്രൻ എന്നിവർ വൈസ്‌ പ്രസിഡന്റുമാർ. പ്രതാപചന്ദ്രനാണ്‌ ട്രഷറർ. ദീപ്‌തി മേരി വർഗീസും കെ എ തുളസിയും ആലിപറ്റ ജമീലയുമാണ്‌ വനിതാ ജനറൽ സെക്രട്ടറിമാർ. കെപിസിസി പ്രസിഡന്റ്‌, മൂന്ന്‌ വർക്കിങ്‌ പ്രസിഡന്റുമാർ, പ്രതിപക്ഷ നേതാവ്‌ എന്നിവർ നിർവാഹകസമിതിയിലുണ്ട്‌. അമ്പതിനടുത്ത്‌ സെക്രട്ടറിമാരെക്കൂടി വൈകാതെ തീരുമാനിക്കുമെന്നാണ്‌ നേതൃത്വം അവകാശപ്പെടുന്നത്‌. ജനറൽ സെക്രട്ടറിമാരിൽ എട്ടുപേർ വേണുഗോപാൽ പക്ഷക്കാർ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയെന്ന ശക്തമായ പദവി ഉപയോഗപ്പെടുത്തി കേരളത്തിലെ കോൺഗ്രസിൽ കെ സി വേണുഗോപാൽ സ്വാധീനം ഉറപ്പിക്കുന്നതിന്റെ ഒടുവിലെ ഉദാഹരണമാണ്‌ പുതിയ ഭാരവാഹി പട്ടിക. 23 ജനറൽ സെക്രട്ടറിമാരിൽ എട്ടു പേർ വേണുഗോപാലിന്റെ വിശ്വസ്‌തർ. നാലു പേർ ചെന്നിത്തലയ്‌ക്കൊപ്പവും അഞ്ചുപേർ ഉമ്മൻ ചാണ്ടിക്കൊപ്പവും മൂന്നുപേർ കെ സുധാകരനൊപ്പവും നിൽക്കുന്നവര്‍.  കെ മുരളീധരന്റെ രണ്ട് വിശ്വസ്‌തരും ശശി തരൂരിന്റെ നോമിനിയും ജനറൽ സെക്രട്ടറി പട്ടികയിൽ ഇടംനേടി. നാല്‌ വൈസ്‌പ്രസിഡന്റുമാരിൽ വി ടി ബൽറാമും വി ജെ പൗലോസും വി ഡി സതീശന്റെ നോമിനികള്‍. എൻ ശക്തൻ സുധാകരന്റെ വിശ്വസ്‌തനും വി പി സജീന്ദ്രൻ എ ഗ്രൂപ്പുകാരനുമാണ്‌. ട്രഷറർ പ്രതാപ ചന്ദ്രന്‍ സുധാകരന്റെ തെരഞ്ഞെടുപ്പാണ്‌. ജനറൽ സെക്രട്ടറിമാരിൽ കെ കെ എബ്രഹാം, പി എം നിയാസ്‌, ദീപ്‌തി മേരി വർഗീസ്‌, ജോസി സെബാസ്‌റ്റ്യൻ, പഴകുളം മധു, എം ജെ ജോബ്‌, കെ പി ശ്രീകുമാർ, എം എം നസീർ എന്നിവരാണ്‌ വേണുഗോപാൽ നോമിനികളായ ജനറൽ സെക്രട്ടറിമാർ. മറ്റ്‌ ജനറൽ സെക്രട്ടറിമാരിൽ കെ ജയന്ത്‌, എ ജമീല, ജി സുബോധൻ എന്നിവർ സുധാകരനൊപ്പം നിൽക്കുന്നവരാണ്‌. കെ എ തുളസി, ടി യു രാധാകൃഷ്‌ണൻ, എ എ ഷുക്കൂർ, എസ്‌ അശോകൻ എന്നിവർ ചെന്നിത്തല പക്ഷക്കാരും പ്രതാപവർമ്മ തമ്പാൻ, സോണി സെബാസ്‌റ്റ്യൻ, ആര്യാടൻ ഷൗക്കത്ത്‌, സി ചന്ദ്രൻ, അബ്‌ദുൾ മുത്തലീബ്‌ എന്നിവർ ഉമ്മൻ ചാണ്ടി പക്ഷക്കാരുമാണ്‌. തിരുവഞ്ചൂരിന്റെ നോമിനിയായി പി എ സലീം,  മുരളീധരൻ വിഭാഗക്കാരനായി മരിയാപുരം ശ്രീകുമാര്‍, തരൂരിന്റെ നോമിനിയായി ജി എസ്‌ ബാബു എന്നിവരും ജനറൽ സെക്രട്ടറിമാരായി. ജനറൽ സെക്രട്ടറിമാരിൽ ഭൂരിഭാഗവും അറിയപ്പെടുന്ന നേതാക്കളല്ല. ജയന്ത്‌ നേരത്തെ കോൺഗ്രസിൽനിന്ന്‌ രാജിവച്ചുപോയ ആളാണ്‌. ചിലരാകട്ടെ നാളുകളായി രാഷ്ട്രീയത്തിൽ സജീവമല്ലാത്തവരാണ്‌. വി എസ്‌ ശിവകുമാറിനെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന്‌ മാറ്റി നിർവാഹകസമിതിയിൽ ഒതുക്കി. പത്‌മജ വേണുഗോപാലും ജ്യോതികുമാർ ചാമക്കാലയും നിർവാഹകസമിതികൊണ്ട്‌ തൃപ്‌തിപ്പെട്ടു. Read on deshabhimani.com

Related News