കെപിസിസി ഭാരവാഹി പട്ടിക: കെ സി വേണുഗോപാൽ വഴിവിട്ട്‌ ഇടപെട്ടെന്ന്‌ ഗ്രൂപ്പുകൾ



തിരുവനന്തപുരം > കെപിസിസി ഭാരവാഹി പട്ടികയിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാനും മാനദണ്ഡം അട്ടിമറിക്കാനും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വഴിവിട്ട്‌ ഇടപെട്ടെന്ന്‌ ഗ്രൂപ്പുകളുടെ രൂക്ഷവിമർശം. ഒറ്റദിവസംകൊണ്ട്‌ പൊട്ടിവീണ നേതാവല്ലെന്നും എല്ലാം തന്റെ തലയിൽ കെട്ടിവയ്‌ക്കാനാണ്‌ ശ്രമമെന്നും വേണുഗോപാൽ തിരിച്ചടിച്ചു. വേണുഗോപാലിനെ പിന്തുണച്ച്‌ കെ സുധാകരനും രംഗത്തെത്തിയതോടെ പുനഃസംഘടനാ തർക്കം മുറുകി. ഹൈക്കമാൻഡിന്‌ കൈമാറിയ അന്തിമ പട്ടിക ബുധനാഴ്‌ച പ്രഖ്യാപിക്കും. എം പി വിൻസന്റ്‌ അടക്കം രണ്ട്‌ മുൻ ഡിസിസി പ്രസിഡന്റുമാരെയും ഒരു മഹിളാ കോൺഗ്രസ്‌ നേതാവിനെയും ഭാരവാഹിയാക്കിയേ പറ്റൂവെന്ന വേണുഗോപാലിന്റെ ഇടപെടലാണ്‌ വിവാദമായത്‌. എ, ഐ ഗ്രൂപ്പുകൾ പ്രതിഷേധമുയർത്തി. മുതിർന്ന നേതാക്കളുമായി സമവായത്തിലെത്താൻ നിർദേശിച്ച്‌ താരിഖ്‌ അൻവർ പട്ടിക തിരികെ നൽകി. ഇതുമായി താൻ കേരളത്തിലെത്തിയാൽ പൊട്ടിത്തെറിയുണ്ടാകുമെന്നാണ്‌ സുധാകരന്റെ നിലപാട്‌. ചൊവ്വാഴ്‌ച പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും സുധാകരനും ചർച്ച നടത്തിയശേഷമാണ്‌ അന്തിമ പട്ടിക അയച്ചുകൊടുത്തത്‌. വേണുഗോപാൽ നിർദേശിച്ചവർ ഭാരവാഹികളാകുമെന്നാണ്‌ സൂചന. മഹിളാ കോൺഗ്രസ്‌ ദേശീയ ഭാരവാഹികൂടിയായ നേതാവിനുവേണ്ടിയാണ്‌ വേണുഗോപാൽ ഇടപെട്ടത്‌. മുൻ കൊല്ലം ഡിസിസി പ്രസിഡന്റ്‌ ബിന്ദു കൃഷ്‌ണയെ വൈസ്‌ പ്രസിഡന്റാക്കണമെന്നും ആവശ്യപ്പെട്ടു. സ്ഥാനമൊഴിഞ്ഞ ഡിസിസി പ്രസിഡന്റുമാരെ പരിഗണിക്കേണ്ടെന്ന മാനദണ്ഡം മാറ്റണമെന്നും നിർദേശിച്ചു. മാനദണ്ഡം മാറ്റിയാൽ കടുത്ത പ്രതിഷേധമുയരുമെന്ന സുധാകരന്റെ വാദം ഹൈക്കമാൻഡ്‌ അംഗീകരികരിച്ചില്ല.   പുനഃസംഘടനാ മാനദണ്ഡം അട്ടിമറിക്കാൻ ഇടപെട്ടില്ലെന്ന്‌ വേണുഗോപാൽ പറഞ്ഞു. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം പൂർണമായും നടപ്പാക്കും. താനുമായി ബന്ധമുള്ളവരാരും ഭാരവാഹികളാകാൻ പാടില്ലെന്ന വാദം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സതീശനുമായി ചർച്ച നടത്തിയ സുധാകരൻ, മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയെയും ചെന്നിത്തലയെയും കാണാൻ  കൂട്ടാക്കിയില്ല. മുൻ കെപിസിസി പ്രസിഡന്റുമാരുടെ പരാതിയും അവഗണിച്ചു.   Read on deshabhimani.com

Related News