സഹായം ലഭിച്ചെന്ന സൂചന ശക്തമാകുന്നു; പെൺകുട്ടികളുടെ യാത്രയിലും അടിമുടി ദുരൂഹത



കോഴിക്കോട്‌ > ചിൽഡ്രൻസ്‌ ഹോമിൽനിന്ന്‌ ചാടിപ്പോയ പെൺകുട്ടികളുടെ യാത്രയിൽ അടിമുടി ദുരൂഹത. കൈയിൽ പണവും മൊബൈൽ ഫോണുമില്ലാതെയാണ്‌ കുട്ടികൾ പോയതെങ്കിലും യാത്രയ്‌ക്കും ഭക്ഷണത്തിനുമെല്ലാം ഇവർ യഥാസമയം പണം സംഘടിപ്പിച്ചു. പുറത്ത്‌ നിന്നുള്ള സഹായം  ഇവർക്ക്‌ ലഭിച്ചിട്ടുണ്ടെന്ന സംശയത്തിലാണ്‌ ഇത്‌ വിരൽചൂണ്ടുന്നത്‌. ഇവ വിശദമായി അന്വേഷിക്കാനാണ്‌ പൊലീസിന്റെ തീരുമാനം. ബുധനാഴ്‌ച വൈകിട്ടാണ്‌ കുട്ടികൾ ചിൽഡ്രൻസ്‌ ഹോമിൽ നിന്ന്‌ പുറത്തുകടന്നത്‌. സമീപത്തെ ടാക്‌സി സ്റ്റാൻഡിലെ ഡ്രൈവർമാരിൽനിന്നാണ്‌ ബസ്‌ ടിക്കറ്റിന്‌ പണം വാങ്ങിയതെന്നാണ്‌   പൊലീസിന്‌ നൽകിയ മൊഴി. കോഴിക്കോട്‌ നിന്ന്‌ പാലക്കാട്ടേയ്‌ക്കുള്ള കെഎസ്‌ആർടിസി ബസിൽ കയറിയ ഇവർ ടിക്കറ്റ്‌ എടുക്കാൻ പണമില്ലെന്നും സുഹൃത്തിനെ വിളിച്ചുപറഞ്ഞ്‌ ഗൂഗിൾ പേ വഴി പണം നൽകാമെന്നുമായിരുന്നു കണ്ടക്‌ടറോട്‌ പറഞ്ഞത്‌. ഇതനുസരിച്ച്‌ ഇവർ പറഞ്ഞയാൾ പണം അയച്ച്‌ നൽകിയ ശേഷമാണ്‌ കണ്ടക്‌ടർ ടിക്കറ്റ്‌ നൽകിയത്‌. പണം അയച്ചത്‌ ആരെന്നത്‌ സംബന്ധിച്ച്‌ അന്വേഷണം നടക്കുന്നുണ്ട്‌. ബംഗളൂരുവിൽ എത്തിയ പെൺകുട്ടികൾക്ക്‌ മഡിവാളയിൽ മുറി ബുക്ക്‌ ചെയ്‌തത്‌ മലയാളികളായ രണ്ട്‌ യുവാക്കളാണ്‌. പാലക്കാട്‌ നിന്നും ബംഗളൂരുവിൽ എത്തിയ ശേഷം ഇവരെ പരിചയപ്പെട്ടതാണ്‌ എന്നാണ്‌ കുട്ടികൾ പൊലീസിനോട്‌ പറഞ്ഞത്‌. എന്നാൽ, കോട്ടയം, തൃശൂർ സ്വദേശികളായ യുവാക്കൾ വ്യാഴാഴ്‌ച പകൽ പന്ത്രണ്ടരയ്‌ക്കാണ്‌ ഹോട്ടലിൽ മുറി ബുക്ക്‌ ചെയ്‌തത്‌. ഒന്നരയോടെ പെൺകുട്ടികളുമായി എത്തി. തിരിച്ചറിയൽ കാർഡില്ലെന്ന്‌ പറഞ്ഞതോടെയാണ്‌ മലയാളി സമാജം പ്രവർത്തകരടക്കം വിഷയത്തിൽ ഇടപെട്ടതും നാട്ടിൽനിന്ന്‌ കാണാതായ കുട്ടികളാണെന്ന്‌ മനസിലാക്കിയതും. മാണ്ഡ്യയിൽ നിന്ന്‌ കോഴിക്കോട്ടേയ്‌ക്ക്‌ വന്ന പെൺകുട്ടി സഞ്ചരിച്ചത്‌ ലക്ഷ്വറി ടൂറിസ്റ്റ്‌ ബസിലാണ്‌. ഇതിനുള്ള പണം കണ്ടെത്തിയത്‌ എവിടെ നിന്നെന്ന ചോദ്യത്തിനും കൃത്യമായ മറുപടിയില്ല. കുട്ടികളെ ചിൽഡ്രൻസ്‌ ഹോമിൽ തിരിച്ചെത്തിച്ച്‌ മൊഴിയെടുക്കുന്നതോടെ കാര്യങ്ങളിൽ വ്യക്തത വരുമെന്നാണ്‌ അന്വേഷക സംഘത്തിന്റെ പ്രതീക്ഷ.   Read on deshabhimani.com

Related News