കോഴിക്കോട്‌ നഗരപാത രണ്ടാംഘട്ട നവീകരണം; ഡിപിആർ തയ്യാർ, ഭരണാനുമതി ഉടൻ



കോഴിക്കോട്‌ > നഗരപാതാ നവീകരണത്തിന്റെ രണ്ടാം ഘട്ടത്തിലേക്കുള്ള 10 റോഡുകളുടെ ഡിപിആർ (ഡീറ്റെയ്ൽഡ് പ്രോജക്ട് റിപ്പോർട്ട്) തയ്യാറായി. തിരുവനന്തപുരം പ്രോജക്ട്‌ പ്രിപ്പറേഷൻ യൂണിറ്റ്‌ തയ്യാറാക്കിയ ഡിപിആർ  പൊതുമരാമത്ത്‌ വകുപ്പിന്‌ കൈമാറി. ഭരണാനുമതി ലഭിക്കുന്നതോടെ ഈ വർഷം തന്നെ പ്രവൃത്തി തുടങ്ങും. സംസ്ഥാന സർക്കാർ കേരള റോഡ്‌ ഫണ്ട്‌ ബോർഡ്‌ മുഖാന്തരമാണ്‌ നഗരപാതാ നവീകരണം നടപ്പാക്കുന്നത്‌.   രണ്ടാം ഘട്ടത്തിൽ 29 കിലോമീറ്റർ ദൂരത്തിൽ മൊത്തം 10 റോഡുകളാണ്‌ അന്താരാഷ്‌ട്ര നിലവാരത്തിൽ നിർമിക്കുന്നത്‌. മാളിക്കടവ്‌–-തണ്ണീർപ്പന്തൽ റോഡ്‌, കരിക്കാംകുളം-–-സിവിൽ സ്റ്റേഷ ൻ- കോട്ടൂളി, കോവൂർ–--മെഡിക്കൽ കോളേജ്- –-മുണ്ടിക്കൽത്താഴം, മൂഴിക്കൽ- –-കാളാണ്ടിത്താഴം, മിനി ബൈപാസ്-–-പനാത്തുതാഴം മേൽപ്പാലം, മാങ്കാവ് –--പൊക്കുന്ന്–--പന്തീരാങ്കാവ്, മാനാഞ്ചിറ-–-പാവങ്ങാട്, കല്ലുത്താൻകടവ്–--മീഞ്ചന്ത, കോതിപ്പാലം-–-ചക്കുംകടവ് -പന്നിയങ്കര മേൽപ്പാലം, അരയിടത്തുപാലം–-ചെറൂട്ടി നഗർ, സിഡബ്ല്യുആർഡിഎം–--പെരിങ്ങളം എന്നീ റോഡുകളും ഒരു മേൽപ്പാലവുമാണ് പരിഗണിക്കുന്നത്.   ഒന്നര വർഷം മുമ്പാണ്‌ 10 റോഡുകളുടെയും സർവേ പൂർത്തിയാക്കിയത്‌. ഡിപിആർ തയ്യാറാക്കൽ 2019 അവസാനം ആരംഭിച്ചെങ്കിലും കോവിഡ്‌ കാരണം വൈകി. കഴിഞ്ഞ മാസം അവസാനമാണ്‌ പ്രവൃത്തി പൂർത്തിയാക്കി പൊതുമരാമത്ത്‌ വകുപ്പിന്‌ കൈമാറിയത്‌. ഓരോ റോഡിന്റെയും പ്രാധാന്യം, വീതി, ഡ്രെയ്‌നേജ്‌, താഴ്‌ച, സൗകര്യം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച്‌ വിശദമായി ഡിപിആറിലുണ്ട്‌. ഒന്നാംഘട്ടത്തൽ ഡിപിആർ തയ്യാറാക്കിയത്‌ സ്വകാര്യ ഏജൻസികളായിരുന്നു. ഇത്തവണ പൊതുമരാമത്ത്‌ വകുപ്പിന്റെ   പ്രോജക്ട്‌ പ്രിപ്പറേഷൻ യൂണിറ്റിനായിരുന്നു ചുമതല.  ആദ്യം 35 കിലോമീറ്റർ നീളത്തിലാണ്‌ നവീകരിക്കാനിരുന്നത്‌.   ഈ റോഡുകളിൽ ചില ഭാഗങ്ങൾ കിഫ്‌ബി വഴി ചെയ്യുന്നതിനാലാണ്‌ 29 കിലോമീറ്ററായത്‌. ആദ്യഘട്ടത്തിൽ പൂർത്തീകരിച്ച ആറ്‌ റോഡുകളിലേതുപോലെ ഇന്റർലോക്ക്‌ വിരിച്ച നടപ്പാത, ഇരുമ്പു കൈവരികൾ, സിഗ്നൽ, പുൽത്തകിടി, മേൽപ്പാലത്തിൽ നടപ്പാത, വിളക്കുകൾ തുടങ്ങിയവയും ഉണ്ടാകും. ഡിപിആറിന്‌ സർക്കാർ അനുമതി ലഭിച്ചാലുടൻ ഭൂമി ഏറ്റെടുക്കൽ ആരംഭിക്കും. Read on deshabhimani.com

Related News