കോഴിക്കോട്‌ കനോലി കനാൽ സിറ്റി പദ്ധതി ഡിപിആർ ഉടൻ

കനോലി കനാൽ (ഫയൽ ചിത്രം)


കോഴിക്കോട്‌ > കോഴിക്കോട്‌ നഗരത്തിന്റെ മുഖഛായ മാറ്റുന്ന കനോലി കനാൽ സിറ്റി പദ്ധതിയുടെ  വിശദ പദ്ധതിരേഖ ഉടൻ തയ്യാറാകും. ജലഗതാഗതത്തിനും വിനോദ സഞ്ചാര വികസനത്തിനുമൊപ്പം നഗരത്തിലെ വെള്ളക്കെട്ടിന്‌ പരിഹാരമാകുന്ന പദ്ധതിയുടെ ഡിപിആർ നവംബർ പകുതിയോടെ സർക്കാരിന്റെ അനുമതിക്കായി സമർപ്പിക്കാനാകുമെന്ന്‌  കേരള വാട്ടർവെയ്‌സ്‌ ആൻഡ്‌ ഇൻഫ്രാസ്‌ക്ചേഴ്‌സ്‌ ലിമിറ്റഡ്‌ ചീഫ്‌ എൻജിനിയർ സുരേഷ്‌ കുമാർ  ‘ദേശാഭിമാനി’യോട്‌ പറഞ്ഞു.   കനോലി കനാലിൽ 11.2 കിലോമീറ്റർ ദൂരപരിധിയിലാണ്‌ പദ്ധതി. ജല ഗതാഗതം, ചരക്കുഗതാഗതം എന്നിവക്കൊപ്പം  വിനോദ സഞ്ചാരത്തിന്റെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തും. കനാൽ ചെളിനീക്കി വീതികൂട്ടുന്നതോടെ നഗരത്തിലെ വെള്ളക്കെട്ടിനും ശാശ്വത പരിഹാരമാകും. മലിനജല ശുദ്ധീകരണ പ്ലാന്റ്‌, മിനി ബൈപാസ്‌, പാലങ്ങൾ പുതുക്കിപ്പണിയൽ, അപ്രോച്ച്‌ റോഡുകളുടെ  വികസനം തുടങ്ങിയവ ഉൾപ്പെടെ  1118 കോടിയുടെ പദ്ധതിയാണ്‌ തയ്യാറാകുന്നത്‌.   കിഫ്‌ബിയാണ്‌ സാമ്പത്തിക സഹായം. ലീ അസോസിയേറ്റ്‌സ്‌ സൗത്ത്‌ ഏഷ്യയാണ്‌ സാധ്യതാപഠനം നടത്തി പദ്ധതിരേഖ തയ്യാറാക്കുന്നത്‌. പദ്ധതി പ്രദേശത്തെ ഹൈഡ്രോളിക്കൽ സർവേ ആറുമാസം മുമ്പ്‌ പൂർത്തിയായി. ജലം–-മണ്ണ്‌  ഗുണനിലവാരം,  ഗതാഗത സൗകര്യങ്ങൾ എന്നിവയുടെ പരിശോധനയും പൂർത്തിയായി. Read on deshabhimani.com

Related News