പന്തീരാങ്കാവ്‌ യുഎപിഎ കേസ്‌ : എൻഐഎ ഹർജി വിധി പറയാൻ മാറ്റി



ന്യൂഡൽഹി പന്തീരാങ്കാവ്‌ യുഎപിഎ കേസിൽ അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കാൻ വിസമ്മതിച്ച കേരള ഹൈക്കോടതി ഉത്തരവിനെതിരെ എൻഐഎ സമർപ്പിച്ച ഹർജി സുപ്രീംകോടതി വിധി പറയാൻ മാറ്റി.  നിരോധിതസംഘടനയിൽ അംഗമായതിന്റെ പേരിൽ യുഎപിഎ ചുമത്തി വിചാരണ ചെയ്യണമെന്ന എൻഐഎ വാദത്തിൽ വൈരുധ്യങ്ങളുണ്ടെന്ന്‌ സുപ്രീംകോടതി നിരീക്ഷിച്ചു. നിരോധിത സംഘടനയിൽ അംഗമായാൽ ആ വ്യക്തിയെ പരമാവധി ജീവപര്യന്തം തടവിനുവരെ ശിക്ഷിക്കാം. എന്നാൽ, അംഗത്വത്തിനപ്പുറം ഒരാൾ സംഘടനയുടെ സജീവപ്രവർത്തകനാകുകയും ഏതെങ്കിലും രീതിയിലുള്ള കൃത്യത്തിൽ ഏർപ്പെടുകയും ചെയ്‌താൽ അയാളെ അഞ്ചുമുതൽ 10 വർഷംവരെ ശിക്ഷിക്കാനുള്ള വ്യവസ്ഥയാണ്‌ ഉള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. ചെറുപ്പക്കാർ ആശയങ്ങളിൽ ആകൃഷ്ടരാകുന്നത്‌ കുറ്റമായി കണക്കാക്കാനാകില്ലെന്ന്‌ അലനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ആർ ബസന്ത്‌ വാദിച്ചു. ഏതെങ്കിലും സംഘടനകൾക്കുവേണ്ടി തന്റെ കക്ഷി എന്തെങ്കിലും പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്ന ആരോപണമോ തെളിവോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  ജാമ്യം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ താഹാ ഫസൽ നൽകിയ ഹർജിയും കോടതി പരിഗണിച്ചിരുന്നു. Read on deshabhimani.com

Related News