കോഴഞ്ചേരി പുതിയ പാലം: 
പുനർനിർമാണം ഇനി അതിവേഗം

കോഴഞ്ചേരി പാലം (ഫയൽ ചിത്രം)


കോഴഞ്ചേരി > തിരുവല്ല – കുമ്പഴ റോഡിലെ  കോഴഞ്ചേരി പഴയപാലത്തിന് സമാന്തരമായി പണിയുന്ന പുതിയ പാലം  അതിവേഗം പൂർത്തിയാക്കാൻ റീ ടെൻഡർ നടപടിയായി. 21 ന് ടെൻഡർ തുറക്കും. തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിന്നും ആരംഭിച്ച് കോഴഞ്ചേരി വണ്ടിപ്പേട്ടയിൽ എത്തുന്ന റോഡിൽ പമ്പയാറിന് കുറുകെയാണ് പുതിയ പാലം നിർമിക്കുന്നത്.   2018ൽ ഈ പാലം നിർമാണം ആരംഭിച്ചെങ്കിലും ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിഷയത്തിൽ തുടർ നിർമാണം നിലച്ചു. തുടർന്ന് മന്ത്രി വീണാജോർജ്‌ ഇടപ്പെട്ട്‌ ചുമതല കിഫ്‌ബിക്ക്‌ കൈമാറുകയായിരുന്നു. 198.8 മീറ്റർ നീളവും ഇരുവശത്ത് നടപ്പാതയോടുംകൂടി 12 മീറ്റർ വീതിയും ഉണ്ടാകും. പുതിയ പാലം പൂർത്തിയാകുന്നതോടെ നിലവിലുള്ള സംസ്ഥാനപാതയായ തിരുവല്ല – കുമ്പഴ റോഡിൽ കോഴഞ്ചേരി ടൗണിലെ ഗതാഗതകുരുക്കിന് പരിഹാരമാകും. ശബരിമല തീർഥാടകർക്ക്  ഗതാഗതകുരുക്കിൽപെടാതെ പോകുവാനും പുതിയ പാലം സഹായിക്കും.   ആറിന് നടുവിൽ 32 മീറ്റർ നീളത്തിൽ നാല്‌  സ്പാനുകൾ ഉള്ള ആർച്ച് ബ്രിഡ്‌ജും ഇരുകരകളിലുമായി 23.6 മീറ്റർ നീളത്തിൽ  മൂന്ന്‌  ലാൻറ് സ്‌പാനുകളുമായാണ് പാലം രൂപകല്‌പന ചെയ്‌തത്‌. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ബിഎം ആൻഡ് ബിസി വർക്കും ആവശ്യസ്ഥലങ്ങളിൽ സംരക്ഷണഭിത്തിയും ഉണ്ടാകും.  പാലത്തിനു സമീപത്തുകൂടി മാരാമൺ കൺവൻഷൻ നഗറിലേക്കുള്ള പാതയും വിഭാവനം ചെയ്‌തി‌ട്ടുണ്ട്‌.   പുതിയ പാലത്തിലേക്ക് കോഴഞ്ചേരി ഭാഗത്ത് 90 മീറ്ററും തിരുവല്ല ഭാഗത്ത് 390 മീറ്ററുമാണ് അപ്രോച്ചു റോഡുകളുടെ നീളം. നിലവിൽ  നാല്‌  ആർച്ച് സ്‌പാനുകളിൽ  രണ്ടെണ്ണത്തിൽ നടപ്പാതയും ക്രാഷ് ബാരിയറും ഒഴികെയുള്ള പണികൾ പൂർത്തിയായി. പാലത്തിന്റെ അപ്രോച്ചു റോഡിനുവേണ്ടി എടുത്ത സ്വകാര്യ വ്യക്തികളുടെ വസ്തുവിനുള്ള തുക ഉടമകൾക്ക് കൈമാറി. പാലം പണിയുമായി ബന്ധപ്പെട്ട് കെഎസ്ഇബി ലൈൻ മാറ്റി സ്ഥാപിക്കുന്നതിനുള്ള തുകയും ഇതിനകം കിഫ്‌ബി കെഎസ്ഇബിയിൽ അടച്ചിട്ടുണ്ട്. Read on deshabhimani.com

Related News