പുതിയ പുലരിയെ വരവേൽക്കാം; കൊളുക്കുമലയിലേക്ക്‌ സഞ്ചാരികൾക്ക്‌ പ്രവേശനം

കൊളുക്കുമലയിലെ സൂര്യോദയം


ശാന്തൻപാറ > പുതിയ പുലരികളെ വരവേൽക്കാൻ കൊളുക്കുമലയിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിച്ചുതുടങ്ങി. കോവിഡ് വ്യാപനത്തെത്തുടർന്ന് കഴിഞ്ഞ മാർച്ച് 30നാണ് കൊളുക്കുമലയിലെ ട്രക്കിങ്ങിന്‌ ജില്ലാ ഭരണകൂടം വിലക്കേർപ്പെടുത്തിയത്.   ഒരു മാസംമുമ്പ്‌ ജില്ലയിലെ മറ്റെല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും തുറക്കാൻ നടപടിയായെങ്കിലും കൊളുക്കുമലയിൽ മാത്രം സഞ്ചാരികൾക്ക്‌ പ്രവേശനമുണ്ടായിരുന്നില്ല. സൂര്യനെല്ലിയിൽനിന്ന്‌ 12 കിലോമീറ്ററോളം ദുർഘടപാത താണ്ടിയാണ് കൊളുക്കുമലയിൽ എത്തുന്നത്. ജീപ്പ് മാത്രമാണ് ഈ വഴിയിലൂടെ പോവുക. സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയതോടെ സർവീസ് നടത്തിയിരുന്ന നൂറിലധികം ജീപ്പ് ഡ്രൈവർമാർ ജോലിയും വരുമാനവും ഇല്ലാതെ ബുദ്ധിമുട്ടിലായിരുന്നു. കൊളുക്കുമലയിൽ സഞ്ചാരികൾക്ക് പ്രവേശനാനുമതി നൽകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഡ്രൈവർമാരും വ്യാപാരികളും ചിന്നക്കനാൽ പഞ്ചായത്ത് ഓഫീസിന്‌ മുന്നിൽ പ്രതിഷേധം നടത്തിയിരുന്നു. വിവിധ ഡ്രൈവേഴ്സ് യൂണിയൻ നേതാക്കൾ ദേവികുളം ആർഡിഒ ഓഫീസിലെത്തി സബ് കലക്ടറെ നേരിൽകണ്ട് പരാതി നൽകി. തുടർന്നാണ് കൊളുക്കുമലയിൽ സന്ദർശകർക്ക് പ്രവേശനാനുമതി ലഭിച്ചത്.   കർശന നിയന്ത്രണങ്ങളോടെയാണ് കൊളുക്കുമലയിൽ സന്ദർശകരെ അനുവദിച്ചിട്ടുള്ളത്. ഒരു വാഹനത്തിൽ അഞ്ചുപേർ മാത്രമേ പാടുള്ളൂ. എല്ലാവരും മാസ്‌ക്‌ ധരിക്കണം. വാഹനത്തിലും യാത്രക്കാരുടെ കൈവശവും സാനിറ്റെെസർ നിർബന്ധമാണ്. സൂര്യോദയ കാഴ്ചയ്‌ക്ക് കേരളത്തിൽ പ്രശസ്തമായ പത്തു സ്ഥലങ്ങളിൽ ആദ്യസ്ഥാനമാണ് കൊളുക്കുമലയ്‌ക്കുള്ളത്.   എട്ട്‌ മാസത്തിനുശേഷം ഇവിടെ സന്ദർശകരെ അനുവദിച്ചപ്പോൾ ആദ്യമായി കൊളുക്കുമലയിൽ സൂര്യോദയം കണ്ടത് നടിയും നിർമാതാവുമായ സാന്ദ്ര തോമസും കുടുംബവുമാണ്. ഭർത്താവ് വിൽസൺ തോമസ്, മക്കളായ ഉമ്മിണിതങ്ക, ഉമ്മുക്കുൽസു എന്നിവരും സാന്ദ്രയോടൊപ്പമുണ്ടായിരുന്നു. വെസ്റ്റേൺ ഘട്ട് ടൂറിസം പ്രമോഷൻ കോ ഓപ്പറേറ്റീവ് സൊസൈറ്റി ചീഫ് പ്രൊമോട്ടർ അഡ്വ. ആശിഷ് വർഗീസാണ് സാന്ദ്രയെയും കുടുംബത്തെയും കൊളുക്കുമലയിൽ എത്തിക്കുന്നതിന് സൗകര്യമൊരുക്കിയത്. Read on deshabhimani.com

Related News