വേനലിൽ വാകപോൽ ... ജാഥയെ വർണങ്ങളാൽ വിരുന്നൂട്ടി നാട്‌ വരവേറ്റു



കൊല്ലം വേനലിൽ വാടാത്ത വെയിൽപ്പൂക്കളെന്നപോൽ പാതകളിലെല്ലാം ചുവപ്പ്‌ പടർന്നിരുന്നു. നാട്ടുവഴികളിൽ നിറഞ്ഞ തോരണങ്ങൾക്ക്‌ ഉച്ചവെയിലും പോക്കുവെയിലും രണശോഭയേകി. നഗര– -ഗ്രാമ പാതകൾ താണ്ടിയെത്തിയ ജാഥയെ മണ്ണിലും വിണ്ണിലും വർണങ്ങളാൽ വിരുന്നൂട്ടി നാട്‌ വരവേറ്റു. നാടിന്‌ പ്രതീക്ഷയുടെ പൊൻവെളിച്ചമായി കടന്നുവന്ന ജാഥയെ കാണാനും കേൾക്കാനും ഓരോ സ്വീകരണകേന്ദ്രത്തിലും ജനസഞ്ചയമാണ്‌ എത്തിച്ചേർന്നത്‌. കഥകളിയുടെ നാടായ കൊട്ടാരക്കരയിലായിരുന്നു ബുധനാഴ്‌ച ജില്ലയിലെ ആദ്യ സ്വീകരണം. ധനമന്ത്രി കെ എൻ ബാലഗോപാൽ ജാഥാ ക്യാപ്‌റ്റനെ തലപ്പാവണയിച്ചും മുനിസിപ്പൽ ചെയർമാൻ എസ്‌ ആർ രമേശ്‌ കഥകളി ശിൽപ്പം സമ്മാനിച്ചും ജാഥാ ക്യാപ്‌റ്റൻ എം വി ഗോവിന്ദനെ വരവേറ്റു. ‘ചോരവീണ മണ്ണിൽനിന്നുയർന്നുവന്ന പൂമരം... ’ ശാസ്‌താംകോട്ടയിൽ ജാഥാ ക്യാപ്‌റ്റനെ വരവേറ്റത്‌ ആവേശം തുളുമ്പുന്ന ഈ ഗാനമാണ്‌. ഈണത്തോടെ ഈരടികൾ ഉയർന്നത്‌ ‘ഓസ്റ്റിയോജനസസ്‌ ഇംപെർഫെക്ട’ എന്ന അത്യപൂർവരോഗം ബാധിച്ച ആദിത്യ സുരേഷിന്റെ കണ്ഠത്തിൽനിന്ന്‌. സദസ്സിനെ ആവേശക്കൊടുമുടിയേറ്റുന്നതായിരുന്നു ആദിത്യയുടെ പാട്ട്‌. കാഷ്യൂ കോർപറേഷനിൽ പുതുതായി ജോലിലഭിച്ച തൊഴിലാളികളും ജാഥാ ക്യാപ്‌റ്റനെ ഹാരമണിയിച്ചു. സിപിഐ എമ്മിന്റെ കൊല്ലത്തെ സമുന്നത നേതാവായിരുന്ന എൻ ശ്രീധരന്റെ ഭാര്യ പത്മാവതി, മനസ്സോടിത്തിരി മണ്ണ്‌ പദ്ധതിക്ക്‌ ഭൂമി നൽകിയ കെ ജെ സിദ്ദിഖ്‌, ബിനോയി എന്നിവർ കരുനാഗപ്പള്ളിയിലും പ്രളയകാലത്ത്‌ കേരളത്തിന്റെ രക്ഷാസൈന്യമായി മാറിയ മത്സ്യത്തൊഴിലാളികൾ ചവറയിലും കശുവണ്ടിത്തൊഴിലാളികളും പൗരപ്രമുഖരും കൊല്ലത്തും ജാഥയെ വരവേറ്റു. ഘടകകക്ഷി നേതാക്കളും സാംസ്‌കാരിക പ്രവർത്തകരും ജാഥാ ക്യാപ്‌റ്റനെ ഹാരമണിയിക്കാൻ എത്തി. തെയ്യം, അമ്മംകുടം കളി തുടങ്ങിയ കലാരൂപങ്ങളുടെയും മുത്തുക്കുട, വാദ്യമേളം എന്നിവയുടെയും  അകമ്പടി നാട്ടിടങ്ങൾക്ക്‌ ഉത്സവഛായ പകർന്നിരുന്നു. ജാഥാ ക്യാപ്‌റ്റനെ കൂടാതെ മാനേജർ പി കെ ബിജു, അംഗങ്ങളായ സി എസ്‌ സുജാത, എം സ്വരാജ്‌, കെ ടി ജലീൽ, ജെയ്‌ക്‌ സി തോമസ്‌ എന്നിവരും വിവിധ യോഗങ്ങളിൽ സംസാരിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാൽ, സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ തുടങ്ങിയ നേതാക്കളും പങ്കെടുത്തു. Read on deshabhimani.com

Related News