കനിവില്ലാതെ മലവെള്ളപ്പാച്ചിൽ; കിടപ്പാടവും കവർന്നു

കൂട്ടിക്കൽ ടൗണിൽ ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന വീട്ടിൽനിന്ന് അവശ്യസാധനങ്ങൾ തിരയുന്ന വെട്ടിക്കൽ മാത്യു – റോസമ്മ ദമ്പതികൾ


കൂട്ടിക്കൽ കലിതുള്ളിയെത്തിയ പുല്ലകയാർ വീട്‌ അപ്പാടെ കൊണ്ടുപോയ ഞെട്ടലിൽനിന്ന്‌  മുക്തരായില്ല വെട്ടിക്കൽ വി വി മാത്യുവും കുടുംബവും.  കലങ്ങിമറിഞ്ഞ്‌ കുത്തിയൊഴുകി വരുന്ന പുല്ലകയാറിന്റെ രൗദ്രഭാവം ഇപ്പോഴും നിലച്ചിട്ടില്ലാത്തതിനാൽ അവശേഷിക്കുന്ന മണ്ണുകൂടി കവർന്നെടുക്കുമോയെന്ന ആധി വിട്ടൊഴിയുന്നില്ല. ഇവരുടെ വീടിരുന്നിടത്ത്‌ ഏതാനും സിമന്റ്‌ കട്ടകളും ഭിത്തിയുടെ അവശിഷ്ടങ്ങളും മാത്രമാണ്‌ ശേഷിച്ചത്‌.   മാത്യുവിനും ഭാര്യ റോസമ്മയ്‌ക്കും പതിവുപോലൊരു ദിവസമായിരുന്നു ആ ശനിയാഴ്‌ചയും. മാത്യു രാവിലെ പശുവിനെ കറന്ന്‌ പാലുമായി ക്ഷീരസംഘത്തിൽ പോയി വന്നു. ഒമ്പത്‌ മുതൽ വെള്ളം കയറി വരുന്നത്‌ കാണുന്നുണ്ടെങ്കിലും അത്ര സാരമായി കരുതിയില്ല. ഇതിനിടെ മഴയും ശക്തമായി. ഏതാനും മണിക്കൂറിനകം വെള്ളം കുതിച്ചെത്തി. വീടിനകത്തേക്ക്‌ പ്രവേശിച്ചു. നാല്‌ പശുക്കൾ ഇവർക്കുണ്ട്‌. മാത്യു ഉടൻ തന്നെ പശുക്കളെ പൊക്കമുള്ള പറമ്പിലേക്ക്‌ കൊണ്ടുപോയി. വെള്ളക്കൂടുതൽ കാരണം അദ്ദേഹത്തിന്‌ അവിടെ നിന്ന്‌ തിരികെ വരാനുമായില്ല. വീട്‌ തകർന്നതിനൊപ്പം ഇവർ വളർത്തിയ 30 കോഴികളും ചത്തു. അടുക്കളയിലുണ്ടായിരുന്ന പാത്രങ്ങൾ മാറ്റുന്നതിനിടെ വീണ്‌ റോസമ്മയുടെ കൈ ഒടിഞ്ഞു. ഡിവൈഎഫ്‌ഐ പ്രവർത്തകർ എത്തിയാണ്‌ ഇവരെ സമീപത്തെ വീട്ടിലേക്ക്‌ മാറ്റിയത്‌. റോഡരിക്‌ ചേർന്ന്‌ കടമുറിയും താഴെ വീടും എന്ന നിലയിലാണ്‌ ടൗണിലെ മിക്കവാറും വീടുകൾ. വെള്ളം റോഡിലേക്കും കയറിയതോടെ കടകൾ ഉൾപ്പെടെ നശിച്ചു. Read on deshabhimani.com

Related News