എൽഡിഎഫ്‌ അവിശ്വാസം പാസായി; കോയിപ്രം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭരണവും യുഡിഎഫിന്‌ നഷ്‌ടമായി



പുല്ലാട് > കോയിപ്രം ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫ് നൽകിയ അവിശ്വാസ പ്രമേയം പാസായി. യുഡിഎഫിന് ബ്ലോക്ക് പഞ്ചായത്ത് ഭരണം നഷ്‌ടമായി. പത്തനംതിട്ട ജില്ലയിൽ യുഡിഎഫിന്‌ അധികാരമുണ്ടായിരുന്ന ഏക ബ്ലോക്ക്‌ പഞ്ചായത്തായിരുന്നു കോയിപ്രം. പ്രസിഡന്റായിരുന്ന ജിജി ജോൺ മാത്യുവും വൈസ്‌ പ്രസിഡന്റായിരുന്ന ലാലു തോമസും രാഷ്‌ട്രീയ വൈരം മൂലം സർക്കാർ പദ്ധതികൾ അട്ടിമറിക്കാൻ നടത്തിയ ശ്രമങ്ങൾക്കെതിരെ എൽഡിഎഫ് അംഗങ്ങൾ ഡിസംബർ 20ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതിയും അവിശ്വാസ പ്രമേയവും നൽകിയിരുന്നു. തുടർന്ന്‌ ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ആർ മുരളീധരൻ പഞ്ചായത്ത് അംഗങ്ങളായ 13 പേർക്കും നോട്ടീസ് നൽകി. ആകെ 13 സീറ്റിൽ യുഡിഎഫിന്‌ 7, എൽഡിഎഫ് 6 എന്നിങ്ങനെയായിരുന്നു കോയിപ്രം ബ്ലോക്ക് പഞ്ചായത്തിലെ കക്ഷിനില. യുഡിഎഫ് അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കരുതെന്നും യോഗം ബഹിഷ്‌കരിക്കാനും വിപ്പ് നൽകിയിരുന്നെങ്കിലും പ്ലാങ്കമൺ ഡിവിഷനിൽ നിന്നുള്ള യുഡിഎഫ് അംഗം ഉണ്ണി പ്ലാചേരി വിപ്പ് ലംഘിച്ച് യോഗത്തിൽ പങ്കെടുക്കുകയും അവിശ്വാസ പ്രമേയ ചർച്ചയിൽ പ്രസിഡന്റ് ജിജി ജോൺ മാത്യുവിനെതിരെ അഭിപ്രായം രേഖപ്പെടുത്തുകയും വോട്ടു ചെയ്യുകയും ചെയ്‌തു. ഉച്ചയ്ക്ക് ശേഷം വൈസ് പ്രസിഡന്റ് ലാലു തോമസിനെതിരെയുള്ള അവിശ്വാസ പ്രമേയ ചർച്ചയിലും എൽഡിഎഫിലെ 6 അംഗങ്ങളും ഉണ്ണി പ്ലാച്ചേരിയും ലാലു തോമസിനെതിരെ അഭിപ്രായം രേഖപ്പെടുത്തുകയും വോട്ടു ചെയ്യുകയും ചെയ്‌തതോടെയാണ്‌ യുഡിഎഫിന് കോയിപ്രം പഞ്ചായത്തിലെ ഭരണം നഷ്‌ട‌മായത്‌.   Read on deshabhimani.com

Related News