കമ്യൂണിസ്‌റ്റുകാർക്കെതിരായ പ്രചാരണം പഴകിത്തുരുമ്പിച്ചത്‌: കോടിയേരി ബാലകൃഷ്‌ണൻ



കണ്ണൂർ കമ്യൂണിസ്‌റ്റുകാർ രാജ്യസ്‌നേഹമില്ലാത്തവരെന്ന പഴകിത്തുരുമ്പിച്ച പ്രചാരണം ചില കേന്ദ്രങ്ങൾ സംഘടിതമായി ആവർത്തിക്കുകയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. പാർടി ഭരണഘടനയനുസരിച്ച്‌ അംഗത്വത്തിലേക്ക്‌ വരുമ്പോൾ എടുക്കുന്ന പ്രതിജ്ഞ ഇന്ത്യയിലെ തൊഴിലാളിവർഗത്തെയും രാജ്യത്തെയും കൂറോടെ സ്‌നേഹിക്കുമെന്നാണ്‌. അങ്ങനെയൊരു പാർടിക്കാണ്‌ രാജ്യസ്‌നേഹമില്ലെന്ന്‌ പ്രചരിപ്പിക്കുന്നത്‌.  സിപിഐ എം മുന്നോട്ടുവയ്‌ക്കുന്ന നയസമീപനങ്ങൾ രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെടുകയും  ഈ നയങ്ങളിൽ ആകൃഷ്‌ടരായി കൂടുതൽ ബഹുജനങ്ങൾ പാർടിയോടടുക്കുകയുമാണ്‌.  23–-ാംപാർടി കോൺഗ്രസ്‌ സംഘാടകസമിതി രൂപീകരണ യോഗത്തിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു കോടിയേരി. കമ്യൂണിസ്‌റ്റുകാർ കൊലപാതകികളും അക്രമികളുമാണെന്ന പ്രചാരണമാണ്‌ മറ്റൊന്ന്‌.ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത്‌ സിപിഐ എം പ്രവർത്തകരാണെന്ന യാഥാർഥ്യം മറച്ചുവച്ചാണ്‌ ഇത്തരം പ്രചാരണം. ധീരജ്‌ എന്ന എൻജിനിയറിങ് കോളേജ്‌ വിദ്യാർഥി കോൺഗ്രസ്‌ കുടുംബത്തിൽനിന്നുള്ളയാളാണ്‌. മകനെ എൻജിനിയറാകാൻ അയച്ച്‌ ഏറ്റുവാങ്ങേണ്ടിവന്നത്‌ മൃതശരീരമാണ്‌. നാടിനെ നടുക്കിയ ആ കൊലപാതകത്തെ കോൺഗ്രസ്‌ ന്യായീകരിക്കുകയാണ്‌. ആ കൊലപാതകത്തെ തള്ളിപ്പറയാതെ കമ്യൂണിസ്‌റ്റുകാരെ അക്രമികളെന്ന്‌ പ്രചരിപ്പിക്കുകയാണ്‌. ബംഗാളിൽ ബുദ്ധദേവ്‌ ഭട്ടാചാര്യയുടെ ഭരണത്തിൽ 55,000 കോൺഗ്രസുകാർ കൊല്ലപ്പെട്ടുവെന്നാണ്‌ കെപിസിസി പ്രസിഡന്റ്‌ കഴിഞ്ഞ ദിവസം പറഞ്ഞത്‌. മന്ത്രി വീടൊഴിഞ്ഞപ്പോൾ 5,000 തലയോട്ടി കിട്ടിയെന്നാണ്‌ കഥ പ്രചരിപ്പിച്ചത്‌. ഇതുവരെ ആരും പറയുകയും കേൾക്കുകയും ചെയ്യാത്ത ഇത്തരം നുണകളാണ്‌ പ്രചരിപ്പിക്കുന്നതെന്നും കോടിയേരി പറഞ്ഞു. Read on deshabhimani.com

Related News