അന്ത്യവിശ്രമത്തിനായി പയ്യാമ്പലത്തേക്ക്; അനുഗമിച്ച് ആയിരങ്ങൾ



കണ്ണൂർ> അന്ത്യവിശ്രമത്തിനായി മഹാൻമാരുറങ്ങുന്ന പയ്യാമ്പലത്തേക്ക് പ്രിയസഖാവ് കോടിയേരി ബാലകൃഷ്ണനും യാത്രയായി. പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴിക്കോടൻ മന്ദിരത്തിലെ പൊതുദർശനം ഉച്ചക്ക് രണ്ടുമണിയോടെ അവസാനിപ്പിച്ച്  മൃതദേഹം വിലാപയാത്ര പയ്യാമ്പലത്തേക്ക് തിരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ, പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി, എ വിജയരാഘവൻ,എം വിജയരാജൻ തുടങ്ങിയ നേതാക്കൾമുൻനിരയിൽ അണിചേർന്നാണ് വിലാപയാത്രായായി മൃതദേഹം  പയ്യാമ്പലത്തേക്ക് കൊണ്ടുപോകുന്നത്.അന്ത്യകർമ്മങ്ങൾക്കായി കോടിയേരിയുടെ കുടുംബം നേരത്തെ പയ്യാമ്പലത്തെതതിയിട്ടുണ്ട്.    ആയിരങ്ങളാണ് വിലാപയാത്രയിൽ പങ്കെടുക്കുന്നത്. സംസ്കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. കണ്ണീരണിഞ്ഞാണ് കണ്ണൂർ ഈ നിമിഷത്തിന് സാക്ഷ്യം വഹിക്കുന്നത്. കണ്ണൂരിൻറെ ത്രസിപ്പിക്കുന്ന രാഷ്ട്രീയ ഭൂമികയിൽ നിന്ന് കേരളത്തിൻറെ നേതാവായി മാറിയ പ്രിയ സഖാവിനെ അവസാനമായി ഒരു നോക്ക് കാണാൻ പതിനായിരങ്ങളാണ് ഇപ്പോ‍ഴും ഒ‍ഴുകിയെത്തുന്നത്. ചരിത്രമുറങ്ങുന്ന പയ്യാമ്പലത്തിൻറെ മണ്ണിൽ മൂന്ന് മണിക്ക് കോടിയേരി എരിഞ്ഞടങ്ങും.  മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെയും മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റേയും സ്മൃതികുടീരങ്ങൾക്ക്‌ നടുവിലായാണ്‌  കോടിയേരിക്ക്‌ ചിതയൊരുക്കുക. ഇരുവരും പാർടി സംസ്ഥാന സെക്രട്ടറിമാരായിരുന്നു. ഇവിടെ കോടിയേരിക്കായി  സ്‌മൃതിമണ്ഡപവും പണിയും. Read on deshabhimani.com

Related News