പ്രിയനേതാവിന്‌ അന്ത്യനിദ്ര നായനാർക്കും ചടയനും അരികെ



കണ്ണൂർ> മഹാരഥന്മാർ അന്ത്യവിശ്രമംകൊള്ളുന്ന പയ്യാമ്പലം കടൽത്തീരത്ത്‌ പ്രിയനേതാവിന്‌ അന്ത്യനിദ്ര. കേരളത്തിന്റെ ജനനായകനും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഇ കെ നായനാരുടെയും മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റേയും സ്മൃതികുടീരങ്ങൾക്ക്‌ നടുവിലായാണ്‌  കോടിയേരിക്ക്‌ ചിതയൊരുക്കുക. ഇരുവരും പാർടി സംസ്ഥാന സെക്രട്ടറിമാരായിരുന്നു. ഇവിടെ കോടിയേരിക്കായി  സ്‌മൃതിമണ്ഡപവും പണിയും.   അഴീക്കോടൻ രാഘവന്റെ രക്തസാക്ഷികുടീരവും എ കെ ജിയുടേയും സുകുമാർ അഴീക്കോടിന്റേയും എൻ സി ശേഖറിന്റേയും സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ള ഉൾപ്പെടെയുള്ളവരുടെ സ്‌മൃതികുടീരങ്ങൾ സമീപത്തുണ്ട്‌.  ഇവിടെ സംസ്‌കാരച്ചടങ്ങുകൾക്കായി വലിയ പന്തലുയർന്നു. പയ്യാമ്പലം പാർക്കിലെ ഓപ്പൺസ്‌റ്റേജിലാണ്‌ അനുശോചനയോഗം ചേരുക. ഇവിടെയും പന്തൽ നിർമിച്ചിട്ടുണ്ട്‌.  കോടിയേരിക്ക്‌ അന്തിമോപചാരം അർപ്പിക്കാൻ പതിനായിരങ്ങൾ തിങ്കളാഴ്‌ച കണ്ണൂർ നഗരത്തിലെത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.  സംസ്‌കാരത്തിന്‌ ശേഷം നടക്കുന്ന അനുശോചനയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ്‌ ബ്യൂറോ അംഗം  പ്രകാശ്‌ കാരാട്ട്‌, മുഖ്യമന്ത്രി പിണറായി വിജയൻ, പാർടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും. Read on deshabhimani.com

Related News