ജലമെട്രോ സർവീസ്‌ 
ക്രിസ്‌മസിനുമുമ്പ്‌

കൊച്ചി വാട്ടർ മെട്രോയുടെ പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന ഹൈക്കോടതി ടെർമിനൽ


കൊച്ചി ജലമെട്രോ ക്രിസ്‌മസിനുമുമ്പ്‌ കൊച്ചിയുടെ ഓളപ്പരപ്പിലൂടെ കുതിക്കും. 23ന്‌ സർവീസ്‌ ഉദ്‌ഘാടനം ചെയ്‌തേക്കും. വൈപ്പിൻ–-ഹൈക്കോടതി റൂട്ടിലാകും ആദ്യസർവീസ്‌. കൊച്ചി കപ്പൽശാലയാണ്‌ ജലമെട്രോയ്‌ക്കായി അത്യാധുനിക യാത്രാബോട്ടുകൾ നിർമിക്കുന്നത്‌. അഞ്ച്‌ യാത്രാബോട്ട്‌ കെഎംആർഎല്ലിന്‌ ലഭിച്ചിട്ടുണ്ട്‌. ഇവയുടെ പരീക്ഷണ ഓട്ടം നടന്നുവരുന്നു. ബോട്ടുകളുടെ പ്രവർത്തനം തൃപ്തികരമാണെന്ന്‌ അധികൃതർ പറഞ്ഞു. ജലമെട്രോയുടെ അനുബന്ധ അടിയന്തര സർവീസ്‌ ബോട്ടും എത്തിയിട്ടുണ്ട്‌. മുളവുകാട്‌ ദ്വീപിലെ ബോൾഗാട്ടി വഴിയാകും വൈപ്പിനിലേക്കും തിരിച്ചുമുള്ള ജലമെട്രോ യാത്ര. ജലമെട്രോ ബോട്ടിൽ ഹൈക്കോടതിയിൽനിന്ന്‌ 14 മിനിറ്റുകൊണ്ട്‌ വൈപ്പിനിലെത്താം. 20–-25 മിനിറ്റ്‌ ഇടവേളയിൽ ബോട്ടുകളുണ്ടാകും. 20 രൂപയാകും ടിക്കറ്റ്‌ നിരക്ക്‌. കൊച്ചി മെട്രോയ്‌ക്ക്‌ അനുബന്ധമായി രൂപകൽപ്പന ചെയ്‌തതാണ്‌ ജലമെട്രോ പദ്ധതി. നഗരത്തെയും സമീപ ദ്വീപുകളെയും ബന്ധിപ്പിച്ച്‌ ലോകനിലവാരത്തിലുള്ള ഗതാഗതസംവിധാനം ഒരുക്കുകയാണ്‌ ലക്ഷ്യം. ഒപ്പം ദ്വീപുവാസികളുടെ ജീവിതനിലവാരം ഉയർത്താനും ലക്ഷ്യമിടുന്നു. പദ്ധതി പൂർണസജ്ജമാകുമ്പോൾ കൊച്ചിയിലെ 10 ദ്വീപുകളെ ബന്ധിപ്പിച്ച് 76 കിലോമീറ്റർ ദൂരത്തിൽ 15 റൂട്ടുകളിൽ 78 ബോട്ടുകൾ സർവീസ്‌ നടത്തും. ബോട്ടുകളിൽ 30 എണ്ണം 50 പേർക്ക്‌ കയറാവുന്നതും 48 എണ്ണം 100 പേർക്ക്‌ കയറാവുന്നതുമായിരിക്കും. വൈദ്യുതിയും അടിയന്തരഘട്ടങ്ങളിൽ ഡീസൽ ജനറേറ്ററും ഉപയോഗിച്ച്‌ പ്രവർത്തിപ്പിക്കാനാകുന്ന ഹൈബ്രിഡ്‌ ബോട്ടുകളാണ്‌ ഇവ. Read on deshabhimani.com

Related News