റിഫൈനറി പുറത്താക്കിയ ജീവനക്കാരന്‌ വിരമിക്കൽ ദിവസം പുനർനിയമനം ; ഹൈക്കോടതിയുടെ അസാധാരണ ഇടപെടൽ



കൊച്ചി കൊച്ചി റിഫൈനറി മാനേജ്‌മെന്റ്‌ പുറത്താക്കിയ ജീവനക്കാരന്‌ വിരമിക്കുന്ന ദിവസം പുനർനിയമനം. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ അസാധാരണ നടപടികളെ തുടർന്നാണ്‌ കൊച്ചി റിഫൈനറി എംപ്ലോയീസ്‌ അസോസിയേഷൻ (സിആർഇഎ) മുൻ ജനറൽ സെക്രട്ടറികൂടിയായ പി എൻ സുരേന്ദ്രൻനായർക്ക്‌ വെള്ളി ഉച്ചയോടെ കമ്പനിയിൽ പുനർനിയമനം നേടി വൈകിട്ട്‌ അഞ്ചിന്‌ വിരമിക്കാനായത്‌. പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ പ്രസിഡന്റായ സിആർഇഎയിൽനിന്നുള്ള അവഗണനയും എതിർപ്പുംകൂടി നേരിട്ടായിരുന്നു മാനേജ്‌മെന്റിനെതിരെ നാലുവർഷം സുരേന്ദ്രന്റെ നിയമപോരാട്ടം. കമ്പനി 2018ൽ സുരേന്ദ്രനെ പുറത്താക്കിയത്‌ ശരിവച്ച ഹൈക്കോടതി ഏകാംഗ ബെഞ്ചിന്റെ വിധി ബുധനാഴ്‌ചയാണ്‌ ഡിവിഷൻ ബെഞ്ച്‌ റദ്ദാക്കിയത്‌. പുറത്താക്കിയ കാലത്തെ ആനുകൂല്യങ്ങൾ നൽകി  തിരിച്ചെടുക്കണമെന്ന കേന്ദ്ര വ്യവസായ ട്രിബ്യൂണൽ ലേബർ കോടതിയുടെ 2019ലെ വിധി നടപ്പാക്കാനും ജസ്‌റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാരും സി പി മുഹമ്മദ്‌ നിയാസും അംഗമായ ബെഞ്ച്‌ നിർദേശിച്ചു. അതനുസരിച്ച്‌ ജോലിയിൽ തിരിച്ചുകയറാൻ സുരേന്ദ്രൻ വ്യാഴാഴ്‌ച കമ്പനിയിലെത്തിയെങ്കിലും ഗേറ്റിന്‌ പുറത്ത്‌ മാനേജ്‌മെന്റ്‌ തടഞ്ഞു. ഈ വിവരം വ്യാഴാഴ്‌ചതന്നെ സുരേന്ദ്രൻ കേന്ദ്ര ലേബർ കോടതിയെ അറിയിച്ചു. വിധി ഉടൻ നടപ്പാക്കണമെന്ന്‌ ലേബർ കോടതി കമ്പനിയോട്‌ ഇ മെയിലിലൂടെ ആവശ്യപ്പെട്ടു.  വെള്ളി രാവിലെ സുരേന്ദ്രൻ വീണ്ടും എത്തിയെങ്കിലും പുനർനിയമനം നൽകാൻ കമ്പനി തയ്യാറായില്ല. പകരം അകത്തുകയറാൻ സന്ദർശക പാസ്‌ നൽകി.  ഈ വിവരം സുരേന്ദ്രൻ അഭിഭാഷകൻ മുഖേന ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു. പരാതി പരിഗണിച്ച ഡിവിഷൻ ബെഞ്ച്‌, ഒരുമണിക്കൂറിനകം പുനർനിയമനം നൽകാനും  ഉച്ചയ്‌ക്കുശേഷം മൂന്നിന്‌ വിവരം കോടതിയെ അറിയിക്കാനും കമ്പനിയുടെ അഭിഭാഷകനോട്‌ ആവശ്യപ്പെട്ടു. സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകൻ ജെ പി കാമെയാണ്‌ കമ്പനിക്കുവേണ്ടി ഹാജരായത്‌. പകൽ ഒന്നോടെ വീണ്ടും കമ്പനിയിലെത്തിയ സുരേന്ദ്രനെ ഡെപ്യൂട്ടി ജനറൽ മാനേജർ പുനർനിയമന ഉത്തരവ്‌ നൽകി വരവേറ്റു. മറ്റു ഓഫീസർമാരുടെ അകമ്പടിയിൽ അകത്തുകൊണ്ടുപോയി. അവർക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച സുരേന്ദ്രൻ 38 വർഷത്തെ സർവീസിൽനിന്ന്‌ വിരമിച്ച്‌ അഞ്ചോടെ  കമ്പനിവിട്ടു. സഹജീവനക്കാരനോട്‌ മോശമായി പെരുമാറി എന്ന പരാതിയിലാണ്‌ സുരേന്ദ്രനെ പുറത്താക്കിയത്‌. 24 വർഷം സിആർഇഎ ജനറൽ സെക്രട്ടറിയായിരുന്നിട്ടും അസോസിയേഷനിൽനിന്ന്‌ പിന്തുണ കിട്ടിയില്ല. ലേബർ കോടതി വിധി നടപ്പാക്കാതിരിക്കാൻ സിആർഇഎയും മാനേജ്‌മെന്റിനൊപ്പം നിന്നു. വി ഡി സതീശൻ തന്നെയായിരുന്നു അപ്പോഴും പ്രസിഡന്റ്‌.  ഏതാനും സഹപ്രവർത്തകരും ഓഫീസർമാരുമാണ്‌ തനിക്ക്‌ എല്ലാ പിന്തുണയും നൽകിയതെന്ന്‌ വിരമിച്ചശേഷം തൊഴിലാളികൾ നൽകിയ സ്വീകരണത്തിൽ പങ്കെടുക്കാൻ പോകുമ്പോൾ സുരേന്ദ്രൻനായർ പ്രതികരിച്ചു. Read on deshabhimani.com

Related News