കൊച്ചി മെട്രോയില്‍ ദിവസ യാത്രക്കാർ അരലക്ഷം കടന്നു



കൊച്ചി> മെട്രോയില്‍ ദിവസയാത്രക്കാരുടെ എണ്ണം ശനിയാഴ്ച 50,000 കടന്നു. നിയന്ത്രണപ്പൂട്ടിനുശേഷം സര്‍വീസ് പുനരാരംഭിച്ച മെട്രോയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.  50,233 പേരാണ് യാത്ര ചെയ്തത്. കോവിഡിനുമുമ്പ് 65,000 പേരാണ് ദിവസേന യാത്ര ചെയ്തിരുന്നത്. 2018 ജൂണ്‍ 19ന്‌ 1.56 ലക്ഷംപേരും 2019 ഡിസംബര്‍ 31ന് 1.25 ലക്ഷത്തിലേറെപ്പേരും കയറി. ആദ്യ നിയന്ത്രണപ്പൂട്ടിനുശേഷം ദിവസം ശരാശരി 18,361 പേരാണ്‌ മെട്രോ സര്‍വീസ് ഉപയോഗിച്ചിരുന്നതെങ്കില്‍ രണ്ടാം നിയന്ത്രണപ്പൂട്ടിനുശേഷം അത് 26,043 ആയി. നവംബറായതോടെ ദിവസയാത്രക്കാരുട എണ്ണം 41,648ല്‍ എത്തി. ഇതിനുപിന്നാലെയാണ്‌ 50,000 കടക്കുന്നത്. സ്റ്റേഷനുകളില്‍നിന്ന് യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ ഫീഡര്‍ സര്‍വീസുകള്‍, നിരക്കുകളിൽ ഇളവ്‌, സ്റ്റേഷനുകളില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍, വിശേഷദിവസങ്ങളില്‍ സൗജന്യയാത്ര തുടങ്ങിയവ യാത്രക്കാരുടെ എണ്ണം വര്‍ധിക്കാന്‍ സഹായകരമായി. സായുധസേന പതാകദിനമായ ചൊവ്വാഴ്ച പ്രതിരോധ സേനയിലുള്ളവര്‍ക്കും വിരമിച്ചവര്‍ക്കും സൗജന്യനിരക്കില്‍ യാത്ര ചെയ്യാം. ഈ വിഭാഗത്തില്‍പ്പെടുന്ന 75 വയസ്സിനുമുകളിലുള്ളവര്‍ക്ക് പൂര്‍ണമായും സൗജന്യമായി യാത്ര ചെയ്യാം. 75 വയസ്സിനുതാഴെയുള്ളവര്‍ 50 ശതമാനം നല്‍കിയാല്‍ മതി. Read on deshabhimani.com

Related News