മെട്രോയും തൃപ്പൂണിത്തുറയിലേക്ക്‌: ബസ്‌ ടെർമിനലിൽ പ്രതീക്ഷയർപ്പിച്ച്‌ തൃപ്പൂണിത്തുറ

തൃപ്പൂണിത്തുറ റെയിൽവേ പരിസരത്തേക്കുള്ള മെട്രോപാത നിർമാണം പുരോഗമിക്കുന്നു


കൊച്ചി> പേട്ടമുതൽ എസ്‌എൻ ജങ്ഷൻവരെയുള്ള മെട്രോപാത യാഥാർഥ്യമാകുമ്പോൾ തൃപ്പൂണിത്തുറയിലെ നിർദിഷ്‌ട ബസ്‌ ടെർമിനൽ പദ്ധതിയിൽ പ്രതീക്ഷയർപ്പിച്ച്‌ രാജനഗരി. തൃപ്പൂണിത്തുറ റെയിൽവേ സ്‌റ്റേഷനും മെട്രോ യാർഡും സംഗമിക്കുന്ന പ്രദേശത്ത്‌ ടെർമിനൽ നിർമിക്കാനാണ്‌ നഗരസഭയുടെ പദ്ധതി. കിഴക്കിന്റെ കവാടമെന്നറിയപ്പെടുന്ന തൃപ്പൂണിത്തുറയെ ജില്ലയിലെ പ്രധാന യാത്രാ ഹബ്ബാക്കിമാറ്റാൻ പദ്ധതിക്കാകും. സ്ഥലമേറ്റെടുക്കാൻമാത്രം 100 കോടി രൂപ ചെലവ്‌ പ്രതീക്ഷിക്കുന്ന പദ്ധതി സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണ്‌. പേട്ടയിൽനിന്ന്‌ എസ്‌എൻ ജങ്ഷനിലേക്ക്‌ നിർമിച്ച 1.80 കിലോമീറ്റർ മെട്രോപാതയിൽ ഈമാസം ട്രെയിൻ സർവീസ്‌ ആരംഭിക്കും. തൃപ്പൂണിത്തുറ റെയിൽവേ സ്‌റ്റേഷൻ പരിസരത്തേക്ക്‌ എത്തുന്ന 1.2 കിലോമീറ്റർ പാതയുടെയും ടെർമിനലിന്റെയും നിർമാണം നടക്കുന്നു. റിഫൈനറി റോഡിലൂടെ മിൽമ പ്ലാന്റിനുമുന്നിലെത്തി, എസ്‌എൻ ജങ്ഷൻ റെയിൽവേ മേൽപ്പാലത്തിന്‌ മുകളിലൂടെ മുറിച്ചുകടന്നാണ്‌ മെട്രോപാത റെയിൽവേ സ്‌റ്റേഷൻ പരിസരത്തെത്തുന്നത്‌. നാലേക്കറോളം ഭൂമിയാണ്‌ യാർഡിനും കോംപ്ലക്‌സിനുമായി ഏറ്റെടുത്തിട്ടുള്ളത്‌. 1.6 ലക്ഷം ചതുരശ്രയടിയിൽ വാണിജ്യ ആവശ്യത്തിനുള്ള നിർമാണത്തിനുപുറമെ 1.9 ലക്ഷം ചതുരശ്രയടിയിൽ പാർക്കിങ്ങും ഒരുങ്ങും. റെയിൽവേ സ്‌റ്റേഷനിലേക്ക്‌ മേൽപ്പാതയും വരും. ബസ്‌ ടെർമിനൽ പദ്ധതികൂടി മുന്നിൽക്കണ്ടാണ്‌ മെട്രോ അധികൃതർ ഇത്രയുംവലിയ പദ്ധതി ആവിഷ്‌കരിച്ചത്‌. ബസ്‌ ടെർമിനലിന്‌ ആവശ്യമായ പത്തേക്കറോളം ഏറ്റെടുത്ത്‌ നൽകണമെന്ന നഗരസഭയുടെ ആവശ്യം സർക്കാർ പരിഗണനയിലാണ്‌. തെക്കുവടക്ക്‌ 16 മീറ്റർ വീതിയിലാണ്‌ മെട്രോ നാലേക്കറോളം ഭൂമിയേറ്റെടുത്തത്‌. 22 മീറ്റർ വീതിയിൽ ഏറ്റെടുക്കാനായിരുന്നു മുൻ തീരുമാനം. മെട്രോ ഭൂമിയുടെ വീതിയിൽ ചാത്താരി റെയിൽ മേൽപ്പാലംമുതൽ സ്ഥലമേറ്റെടുത്ത്‌ നൽകാനാണ്‌ നഗരസഭ ആവശ്യപ്പെട്ടത്‌. സർക്കാർ ഭൂമിയേറ്റെടുത്ത്‌ നൽകിയാൽ പൊതു–-സ്വകാര്യ പങ്കാളിത്തത്തിലോ മറ്റു അനുയോജ്യ മാതൃകയിലോ ടെർമിനൽ നിർമിക്കാനാണ്‌ നഗരസഭ ആലോചിക്കുന്നത്‌. എം സ്വരാജ്‌ എംഎൽഎയായിരിക്കെ ഇതിനാവശ്യമായ ആദ്യഘട്ട നടപടികൾ പൂർത്തിയാക്കിയിരുന്നു. പുതിയ കൗൺസിൽ അധികാരത്തിൽ വന്നശേഷവും പദ്ധതി വേഗത്തിലാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സർക്കാരിന്‌ കത്തുനൽകിയിട്ടുണ്ട്‌. ട്രാൻസിറ്റ്‌ ഹബ്ബായി വികസിക്കുന്ന തൃപ്പൂണിത്തുറ, ജില്ലയുടെ കിഴക്കൻ പ്രദേശങ്ങൾക്കും കിഴക്കൻ ജില്ലകൾക്കും വലിയ യാത്രാസാധ്യത തുറക്കും. കൂടുതൽ ദീർഘദൂര ട്രെയിനുകൾക്ക്‌ തൃപ്പൂണിത്തുറയിൽ സ്‌റ്റോപ്പ്‌ ലഭിച്ചാൽ കൊച്ചി നഗരത്തിന്റെ വീർപ്പുമുട്ടലിന്‌ വലിയ പരിഹാരവുമാകും.   Read on deshabhimani.com

Related News