കൊച്ചി മെട്രോ ആറാം വാർഷികം; ആഘോഷപരിപാടികൾ ഒരുക്കി കൊച്ചി മെട്രോ



കൊച്ചി > കൊച്ചി മെട്രോ മെഗാ ഫെസ്റ്റ് 2023 എന്ന പേരിൽ ആറാംവാർഷികത്തോടനുബന്ധിച്ച്‌ ആഘോഷപരിപാടികളും ഓഫറുകളും കൈനിറയെ സമ്മാനങ്ങളും പ്രഖ്യാപിച്ച്‌ കൊച്ചി മെട്രോ. ശനിമുതൽ എല്ലാ സ്റ്റേഷനുകളിലും വിവിധ പരിപാടികളും മത്സരങ്ങളും നടക്കും. പിറന്നാൾദിനമായ 17ന്‌ ടിക്കറ്റ് നിരക്കിൽ ഇളവുണ്ടാകും. അന്നേദിവസം ഒറ്റത്തവണ ഏത്‌ സ്‌റ്റേഷനിലേക്കും 20 രൂപ നിരക്കിൽ യാത്ര ചെയ്യാം. മിനിമം ടിക്കറ്റ് നിരക്ക്‌ 10 രൂപയായിരിക്കും. കൊച്ചി മെട്രോയും താരസംഘടനയായ അമ്മയും ചേർന്നൊരുക്കുന്ന ഷോർട്ട് ഫിലിം മത്സരം തുടരുകയാണ്‌. ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾക്ക് 25000, 15000, 10000 രൂപവീതം സമ്മാനം ലഭിക്കും. 11 മുതൽ 17 വരെ ആലുവ, കളമശേരി, പാലാരിവട്ടം, കലൂർ, എംജി റോഡ്, കടവന്ത്ര, വൈറ്റില, വടക്കേകോട്ട എന്നീ സ്റ്റേഷനുകളിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രദർശന–--വിൽപ്പന മേള സംഘടിപ്പിക്കും. എഡ്രാക്കിന്റെ നേതൃത്വത്തിൽ കലൂർ സ്റ്റേഷനിൽ വിവിധ ഉൽപ്പന്നങ്ങളുടെ പ്രദർശന-–-വിൽപ്പന മേള ഒരുക്കും. ഭാരത് പെട്രോളിയത്തിന്റെ സഹകരണത്തോടെ "ബോബനും മോളിയും’ എന്ന പേരിൽ വൈറ്റില സ്‌റ്റേഷനിൽ ഓപ്പൺ ക്വിസ് മത്സരം സംഘടിപ്പിക്കും. 10ന് ഇടപ്പള്ളി സ്റ്റേഷനിൽ സാം അക്കാദമിയുടെ സഹകരണത്തോടെ രാവിലെ 10 മുതൽ പകൽ 1.30 വരെ പൊതുജനങ്ങൾക്കായി വിവിധ ബോർഡ് ഗെയിമുകളും 11ന്‌ പകൽ രണ്ടുമുതൽ കലൂർ സ്റ്റേഡിയം സ്റ്റേഷനിൽ ചെസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. 15ന്‌ പ്രശസ്ത കാർട്ടൂണിസ്റ്റുകൾ യാത്രക്കാരുടെ കാരിക്കേച്ചറുകൾ തത്സമയം വരച്ച് സമ്മാനിക്കും. 16ന്‌ എസ്‌സിഎംഎസ് കോളേജിന്റെ സഹകരണത്തോടെ പൊതുഗതാഗത കോൺക്ലേവ് സംഘടിപ്പിക്കും. 22 മുതൽ 25 വരെ വൈറ്റില സ്റ്റേഷനിൽ എം ക്ലബ് എന്റർടെയ്ൻമെന്റിന്റെ സഹകരണത്തോടെ ഫ്ലവർ ആൻഡ് മാംഗോ ഫെസ്റ്റും ഒരുക്കുന്നുണ്ട്. Read on deshabhimani.com

Related News