കൊറിയറിൽ എംഡിഎംഎ: അന്വേഷിച്ചെത്തിയ യുവാക്കളെ തിരയുന്നു



കൊച്ചി> ചേരാനല്ലൂരിലെ സ്വകാര്യ കൊറിയർ ഏജൻസിക്ക്‌ ലഭിച്ച കൊറിയറിൽനിന്ന്‌ മാരക മയക്കുമരുന്നായ 18 ഗ്രാം എംഡിഎംഎ പിടിച്ച സംഭവത്തിൽ, ചേരാനല്ലൂർ പൊലീസ്‌ കേസെടുത്തു. എടയാറിലെ എൻജിനിയറിങ്‌ കമ്പനിയുടെ വിലാസത്തിൽ വ്യാഴാഴ്‌ചയാണ്‌ കൊറിയർ ലഭിച്ചത്‌. പാഴ്സല്‍ അന്വേഷിച്ച്‌ എത്തിയ രണ്ട്‌ യുവാക്കൾക്കായി പൊലീസ്‌ അന്വേഷണം ഊർജിതമാക്കി. കൊറിയർ ഏജൻസി ജീവനക്കാരൻ കമ്പനിയിൽ സ്ഥിരമായി കൊറിയറുകൾ എത്തിച്ചിരുന്നു. അതിനാൽ, ‌ഫോൺ വിളിക്കാതെ നേരിട്ട്‌ കൊറിയറുമായാണ്‌ പോയത്‌. പക്ഷേ, കൊറിയറിലെ പേരുള്ളയാൾ കമ്പനിയിൽ ജോലി ചെയ്യുന്നില്ലെന്ന്‌ കമ്പനി അധികൃതർ പറഞ്ഞു. കൊറിയർ ആരുടേതാണെന്ന്‌ അന്വേഷിക്കാൻ കമ്പനിയിൽ ഏൽപ്പിച്ചശേഷം ജീവനക്കാരൻ മടങ്ങി. കമ്പനി അധികൃതർ കൊറിയറിലുള്ള ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ രണ്ട്‌ യുവാക്കൾ എത്തി. തിരിച്ചറിയൽ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ നൽകാതെ യുവാക്കൾ കടന്നുകളയുകയായിരുന്നു. കമ്പനി അധികൃതർ ജീവനക്കാരനോട്‌ കൊറിയർ തിരികെ കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. ഇത്‌ കൊറിയർ ജീവനക്കാരൻ കൈപ്പറ്റിയപ്പോൾ യുവാക്കൾ ഫോണിൽ വിളിച്ചു. പാഴ്സലായി വന്ന സാധനം നൽകണമെങ്കിൽ തിരിച്ചറിയൽ രേഖ ഹാജരാക്കാൻ ജീവനക്കാരൻ ആവശ്യപ്പെട്ടു. എന്നാൽ, യുവാക്കൾ രേഖ നല്‍കിയില്ല. സംശയം തോന്നിയ ജീവനക്കാരൻ കളമശേരി പൊലീസ്‌ സ്‌റ്റേഷനിൽ പാഴ്സല്‍ എത്തിച്ചു. ഇത് തുറന്നപ്പോഴാണ്‌ എംഡിഎംഎയാണെന്ന്‌ വ്യക്തമായത്‌. എടയാറിലെ കമ്പനിയിലെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായിരുന്നുവെന്ന്‌ അന്വേഷണത്തിൽ കണ്ടെത്തി. സമീപത്തെ റസിഡ​ന്റ്സ്‌ അസോസിയേഷനുകളുടെ സഹായത്തോടെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച്‌ അന്വേഷണം പുരോഗമിക്കുന്നു. യുവാക്കൾ വിളിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു. Read on deshabhimani.com

Related News