കാറിലെ കൂട്ടബലാത്സംഗം; കോടതിമുറിയിൽ വക്കാലത്തിനെ ചൊല്ലി അഭിഭാഷകർ തമ്മിൽ തർക്കം



കൊച്ചി > ഓടുന്ന കാറിൽപത്തൊമ്പതുകാരിയായ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസിൽനാലു പ്രതികളെയും 26 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ട്‌ എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ കോടതി ഉത്തരവായി. കൊടുങ്ങല്ലൂരുകാരായ വിവേക്‌ സുധാകരൻ, നിധിൻ മേഘനാഥൻ, ടി ആർ സുദീപ്‌, രാജസ്ഥാൻകാരിയായ മോഡൽ ഡിംപിൾ ലാമ്പ എന്നിവരെയാണ്‌ കസ്‌റ്റഡിയിൽ വിട്ടത്‌. നിധിനും സുദീപും ബിജെപി പ്രവർത്തകരാണ്‌. പ്രതികളുടേത് ആസൂത്രിതവും മൃഗീയവുമായ പ്രവൃത്തിയാണെന്ന്‌ പ്രോസിക്യൂഷൻ കോടതിയിൽ വിശദമാക്കി. പരാതിക്കാരിക്ക് മദ്യം നൽകി അബോധാവസ്ഥയിലാക്കിയാണ് പീഡിപ്പിച്ചത്. ഹോട്ടലിനു പുറത്ത് പാർക്കിങ് ഏരിയയിലും വാഹനത്തിലും ക്രൂരമായ കൂട്ടബലാത്സംഗം നടന്നു. ഒന്നുമുതൽ മൂന്നുവരെ പ്രതികളുടെ മൊബൈൽഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്. പാസ്‌വേഡ്‌ ലോക്കുള്ളതിനാൽ ഇവ പരിശോധിക്കാൻ കഴിഞ്ഞിട്ടില്ല. നാലാംപ്രതി ഡിംപിളിന്റെ ഫോൺ കണ്ടെടുക്കാനുണ്ട്. ഇവരെക്കുറിച്ച്‌ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും എല്ലാ പ്രതികളെയും വിശദമായി ചോദ്യംചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു. പ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിനിടെ കോടതിമുറിയിൽ നാടകീയരംഗങ്ങൾ അരങ്ങേറി. ഡിംപിളിനുവേണ്ടി അഡ്വ. അഫ്‌സലും അഡ്വ. ബി എ ആളൂരും ഹാജരായതാണ് തർക്കത്തിന്‌ ഇടയാക്കിയത്‌. അഫ്‌സലിനെയാണ് ഡിംപിൾ വക്കാലത്ത് ഏൽപ്പിച്ചിരുന്നത്. എന്നാൽ, വക്കാലത്ത് ഇല്ലാത്ത ആളൂരും ഹാജരാവുകയായിരുന്നു. അഭിഭാഷകർ തമ്മിൽ തർക്കമായപ്പോൾ തർക്കിക്കാൻ ഇത് ചന്തയല്ലെന്ന്‌ മജിസ്‌ട്രേട്ട്‌ പറഞ്ഞു. താൻ വക്കാലത്ത്‌ നൽകിയത്‌ അഫ്‌സലിനാണെന്ന്‌ ഡിംപിൾ പറഞ്ഞതോടെയാണ്‌ തർക്കം തീർന്നത്‌. Read on deshabhimani.com

Related News