കൊച്ചി കോർപറേഷനിലെ ജൈവമാലിന്യം രണ്ടു മാസത്തേക്ക് കൂടി ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകും



കൊച്ചി > കൊച്ചി കോർപറേഷനിലെ ജൈവമാലിന്യം രണ്ടു മാസത്തേക്ക് കൂടി ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകും. മഴക്കാലം ആരംഭിച്ച സാഹചര്യത്തിൽ സ്വകാര്യ ഏജൻസികൾ വഴി ജൈവമാലിന്യം നീക്കം ചെയ്യുന്ന സംവിധാനം പൂർണ്ണതോതിൽ പ്രാവർത്തികമാകുന്നതിനുളള കാലതാമസം പരിഗണിച്ചാണ് തീരുമാനം.കോർപറേഷനിലെ മാലിന്യനിർമാർജ്ജനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി തദ്ദേശ സ്വയംഭരണമന്ത്രി എം ബി രാജേഷ്, വ്യവസായ മന്ത്രി പി രാജീവ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന ഓൺലൈൻ യോഗത്തിലാണ് തീരുമാനം. പ്രതിദിനം 50 ടൺ വരെ ജൈവമാലിന്യമാകും ബ്രഹ്മപുരത്തേയ്ക്ക് കൊണ്ടുപോകുന്നത്. മുൻകാലങ്ങളിലേതുപോലെ മാലിന്യം നിക്ഷേപിക്കുന്നത് അനുവദിക്കില്ല. നിലവിലുളള ഷെഡ്ഡിന്റെയും ആർആർഎഫ് കെട്ടിടത്തിന്റെയും അറ്റകുറ്റപ്പണികൾ നടത്തി അവ മാലിന്യ സംസ്‌കരണത്തിനായി ഉപയോഗിക്കും. അനുവദിക്കപ്പെട്ട രണ്ടു മാസത്തിനുള്ളിൽ കൂടുതൽ സ്വകാര്യ ഏജൻസികളെ കണ്ടെത്തി കരാറിൽ ഏർപ്പെട്ട് ജൈവമാലിന്യ സംസ്‌കരണ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് കോർപ്പറേഷനെ ചുമതലപ്പെടുത്തി. നിയമാനുസൃത മാലിന്യ സംസ്‌കരണ സംവിധാനമില്ലാത്ത ഫ്‌ളാറ്റുകൾ കണ്ടെത്തി കനത്ത പിഴ ചുമത്തുന്നതിനുള്ള നടപടികളും സ്വീകരിക്കും. പ്രതിദിനം ബ്രഹ്മപുരത്തേയ്ക്ക് കൊണ്ടുപോകുന്ന മാലിന്യത്തിന്റെ അളവ് 50 ടണ്ണിൽ പരിമിതപ്പെടുത്തുന്നുവെന്ന് കൊച്ചി കോർപറേഷൻ ഉറപ്പുവരുത്തണമെന്നും ഇക്കാര്യം എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കൃത്യമായി നിരീക്ഷിക്കണമെന്നും മന്ത്രിമാർ നിർദേശിച്ചു. യോഗത്തിൽ എംഎൽഎമാരായ ടി ജെ വിനോദ്, പി വി ശ്രീനിജിൻ, കെ ജെ മാക്‌സി, ഉമ തോമസ്, മേയർ അഡ്വ. എം അനിൽ കുമാർ, ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, കൊച്ചി കോർപ്പറേഷൻ സെക്രട്ടറി എം ബാബു അബ്ദുൽ ഖാദർ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News