സിരകളിലൊഴുകുന്ന തീയും മഷിയും ; ബിനാലെക്ക്‌ ഒരുങ്ങി 
തുറമുഖനഗരം

ബിനാലെ അഞ്ചാംപതിപ്പിന്റെ പ്രധാനവേദിയായ ഫോർട്ട് കൊച്ചി ആസ്‌പിൻവാൾ ഹൗസ്‌ പരിസരത്ത്‌ നടക്കുന്ന ഒരുക്കം


കൊച്ചി നാലുവർഷത്തെ ഇടവേളയ്‌ക്കുശേഷമെത്തുന്ന കൊച്ചി മുസിരിസ്‌ ബിനാലെ അഞ്ചാംപതിപ്പിനെ വരവേൽക്കാൻ തുറമുഖനഗരം ഒരുങ്ങി. ‘നമ്മുടെ സിരകളിലൊഴുകുന്ന തീയും മഷിയും’ പ്രമേയത്തിൽ രാജ്യത്തിനകത്തും പുറത്തുമുള്ള 90 കലാകാരന്മാരുടെ ഇരുനൂറോളം സൃഷ്ടികളാണ്‌ പ്രദർശിപ്പിക്കുന്നത്‌. ബിനാലെ പ്രദർശനം 12ന്‌ വൈകിട്ട്‌ 6.30ന്‌ ഫോർട്ട്‌ കൊച്ചി പരേഡ്‌ ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.  പ്രദർശനം 2023 ഏപ്രിൽ 10 വരെയുണ്ടാകും. ഫോർട്ട്‌ കൊച്ചി, മട്ടാഞ്ചേരി, എറണാകുളം എന്നിവിടങ്ങളിലെ പാണ്ടികശാലകളിലും ഗ്യാലറികളിലുമായി 16 കേന്ദ്രങ്ങളിലാണ്‌ പ്രദർശനമൊരുങ്ങുന്നത്‌. രാജ്യത്തിനകത്തും പുറത്തുംനിന്നുമുള്ള പ്രദർശന സാമഗ്രികൾ എത്തിക്കഴിഞ്ഞു. ഇവ പാണ്ടികശാലകളിലും ഗ്യാലറികളിലും ക്രമീകരിക്കുന്ന ജോലികൾ പൂർത്തിയാകുന്നഘട്ടത്തിലാണ്‌. കബ്രാൾ യാർഡിൽ പാഴ്‌വസ്‌തുക്കൾ ഉപയോഗിച്ചുള്ള താൽക്കാലിക പവിലിയന്റെ നിർമാണം പൂർത്തിയാകുന്നു. 150 പേർക്ക്‌ ഇരിപ്പിടമുള്ള പവിലിയനിലാകും സെമിനാറുകളും ചർച്ചകളും കലാവതരണങ്ങളും നടക്കുക. ഫോർട്ട്‌ കൊച്ചി ആസ്‌പിൻവാൾ ഹൗസ്‌, പെപ്പർ ഹൗസ്‌, ആനന്ദ്‌ വെയർഹൗസ്‌ എന്നിവയാണ്‌ പ്രധാന വേദി. അഞ്ചാംപതിപ്പിനായി ഷുഭഗി റാവു ക്യുറേറ്റ്‌ ചെയ്‌ത 90 കലാകാരന്മാരുടെ ഇരുനൂറോളം സൃഷ്ടികൾ ഇവിടെ  പ്രദർശിപ്പിക്കും. കേരളത്തിലെ മികച്ച 30 രചനകളുടെ പ്രദർശനം ദർബാർ ആർട്ട്‌ ഗ്യാലറിയിൽ നടക്കും. ജിജി സ്‌കറിയ, പി എസ്‌ ജലജ, രാധ ഗോമതി എന്നിവരാണ്‌ ക്യുറേറ്റർമാർ. പുരാതന മുസിരിസിന്റെ പെരുമയിലേക്കുള്ള യാത്രയാകും കാശി ആർട്ട്‌ കഫേയിലെയും ഡച്ച്‌ വെയർഹൗസിലെയും പ്രദർശനം. 60 കലാപഠന സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ രചനകൾ ഉൾപ്പെടുത്തിയ സ്‌റ്റുഡന്റ്‌സ്‌ ബിനാലെക്കായി നാലു വേദികളാണ്‌ ഒരുങ്ങുന്നത്‌. കുട്ടികളുടെ കലാസൃഷ്‌ടികൾ പ്രദർശിപ്പിക്കുന്ന ആർട്ട്‌ ബൈ ചിൽഡ്രൻ മറ്റൊരു ആകർഷണമാണ്‌. 2020–-21 ലാണ്‌ ബിനാലെയുടെ അഞ്ചാംപതിപ്പ്‌ നടക്കേണ്ടിയിരുന്നത്‌. കോവിഡ്‌ വ്യാപനത്തെ തുടർന്ന്‌ റദ്ദാക്കുകയായിരുന്നു. എന്നാൽ, കേരളത്തിലെ കലാകാരന്മാരുടെ സൃഷ്ടികൾ ഉൾപ്പെടുത്തി ‘ലോകമേ തറവാട്‌’ എന്നപേരിൽ ബിനാലെ ഫൗണ്ടേഷൻ ആലപ്പുഴയിൽ പ്രദർശനമൊരുക്കിയിരുന്നു. Read on deshabhimani.com

Related News