മൂർച്ചയേറിയ നിരീക്ഷണാവതരണവുമായി മിത്ര കമലം



കൊച്ചി യാഥാസ്ഥിതിക ചുറ്റുപാടിലുള്ള സ്ത്രീയുടെ കാഴ്‌ചപ്പാടിലൂടെ അത്യന്തം കഷ്ടമേറിയ സംഭവങ്ങളെ നിരീക്ഷിക്കുകയും പുനരാഖ്യാനം ചെയ്യുകയുമാണ് ബിനാലെയിൽ യുവ മലയാളി ചിത്രകാരി മിത്ര കമലം. പെയിന്റിങ്ങും ശിൽപ്പ ഇൻസ്റ്റലേഷനുകളും കൊണ്ടുതീർത്ത ‘കറക്റ്റീവ് മെഷേഴ്‌സ്‌' പരമ്പരയിലെ ആവിഷ്‌കാരം അവതരണത്തിലും വേറിട്ടുനിൽക്കുന്നു. 16–-ാം നൂറ്റാണ്ടിൽ ജാൻ ഹ്യൂഗൻ വാൻ ലിൻഷോട്ടൻ എന്ന ഡച്ച് ഇല്ലസ്ട്രേറ്റർ ചെയ്‌ത ‘സതി' വിഷയമായ പെയിന്റിങ്ങിനെ ആസ്‌പദമാക്കിയാണ്‌ മിത്ര കമലത്തിന്റെ ബിനാലെ അവതരണം. "ഉള്ളിൽ പരുവപ്പെടുന്ന ആശയങ്ങളുടെ പ്രകാശനത്തിന് ചരിത്രത്തിലെ മൂലരൂപ പ്രതിപാദ്യങ്ങളും ആധികാരിക പരാമർശങ്ങളും പ്രമാണങ്ങളും സാഹിത്യരചനകളും അവലംബിക്കാറുണ്ട്. പാരമ്പര്യത്തിന്റെ സ്വാധീനവും വിവരണാത്മക ഭാഷയും മിനിയേച്ചർ പെയിന്റിങ്ങും എന്റെ ശൈലിയാണ്. ആത്മകഥാംശമുള്ളതാണ് പല സൃഷ്ടികളും –- മിത്ര കമലം പറഞ്ഞു. കളിമണ്ണ്, ഫോട്ടോഗ്രാഫുകൾ, മൊണ്ടാഷുകൾ തുടങ്ങി പരീക്ഷണാത്മകമായവ ഉൾപ്പെടെ പല രീതിയിലുള്ള ആവിഷ്‌കാരങ്ങളുണ്ട്‌ കറക്റ്റീവ് മെഷേഴ്‌സിൽ. പ്രകൃതി ഫൗണ്ടേഷന്റെയും ഇന്ത്യൻ ആർട്ട് ഫെയറിന്റെയും പിന്തുണ ബിനാലെ അവതരണത്തിനുണ്ട്. കോഴിക്കോട് താമസിക്കുന്ന മിത്ര കമലം, തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽനിന്ന് ചിത്രകല ബിരുദവും ബറോഡ എംഎസ് സർവകലാശാലയിൽനിന്ന് ദൃശ്യ കലയിൽ സ്വർണമെഡലോടെ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്‌. ഫോർട്ട് കൊച്ചി ആസ്‌പിൻവാൾ ഹൗസിലാണ് പ്രദർശനം. Read on deshabhimani.com

Related News