കൊച്ചി‐ ബംഗളുരു വ്യവസായ ഇടനാഴിക്കായി കണ്ണമ്പ്രയിൽ 17.3 ഏക്കർ ഭൂമി ഏറ്റെടുത്തു: പി രാജീവ്‌



കൊച്ചി> കൊച്ചി- ബംഗളുരു വ്യവസായ ഇടനാഴിയുടെ ഭാഗമായി പാലക്കാട്‌ ജില്ലയിൽ കണ്ണമ്പ്രയിൽ 17.3 ഏക്കർ ഭൂമിയുടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി കിൻഫ്ര ഏറ്റെടുത്തതായി വ്യവസായ മന്ത്രി പി രാജീവ്‌.  കണ്ണമ്പ്രയിൽ 312 ഏക്കറും പുതുശ്ശേരി ഒന്നാംഘട്ടത്തിൽ 653 ഏക്കറും രണ്ടാം ഘട്ടത്തിൽ 558 ഏക്കറും മൂന്നാം ഘട്ടത്തിൽ 375 ഏക്കറും ചേർന്ന് നാല് സ്ഥലങ്ങളിലായി 1898 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. വരും ദിവസങ്ങളിലായി 80 ഏക്കർ ഭൂമി കൂടി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി ഏറ്റെടുക്കും. കണ്ണമ്പ്രയിൽ ഏറ്റെടുക്കുന്ന  312 ഏക്കർ ഭൂമിയിൽ 178 ഏക്കർ ഭൂമിയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഏറ്റെടുക്കുന്നത്. ബാക്കിയുള്ള 134 ഏക്കർ ഭൂമി 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ഏറ്റെടുക്കും. നിയമപ്രകാരം ഉള്ള പ്രവൃത്തികൾ പൂർത്തിയാക്കി ഡിസംബർ 30 ന് മുന്നേ മുഴുവൻ ഭൂമിയും ഏറ്റെടുക്കാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി അറിയിച്ചു. കേരളത്തിൻ്റെ വ്യവസായ മേഖലയ്ക്ക് പുത്തനുണർവ്വ് നൽകുന്ന പദ്ധതിയാണ് കൊച്ചി-‐ ബംഗളുരു വ്യവസായ ഇടനാഴി. വ്യവസായ ഇടനാഴി യാഥാർഥ്യമാകുമ്പോൾ പതിനായിരം കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തിന് ലഭിക്കുന്നതിനൊപ്പം പതിനായിരം പേർക്കെങ്കിലും നേരിട്ട് തൊഴിൽ ലഭിക്കുകയും ചെയ്യും. ഭക്ഷ്യ സംസ്‌കരണം, ലൈറ്റ് എഞ്ചിനീയറിംഗ്, ജ്വല്ലറി, പ്ലാസ്റ്റിക്, ഇ -മാലിന്യങ്ങളും മറ്റ് ഖരമാലിന്യങ്ങളുടെയും പുനരുപയോഗം, എണ്ണ-വാതക ഇന്ധനങ്ങള്‍, ഇലക്ട്രോണിക്‌സ്, ഐ.ടി, ലോജിസ്റ്റിക്, ഓട്ടോമോട്ടീവ് തുടങ്ങിയ മേഖലകളിൽ ക്ലസ്റ്ററുകൾ വികസിപ്പിക്കാനാണ് ഇടനാഴിയുടെ ഭാഗമായി ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു Read on deshabhimani.com

Related News