കെ എം എം എല്ലിൽ ചരിത്രലാഭം; 89 കോടി രൂപയുടെ റെക്കോഡ് നേട്ടമെന്ന് മന്ത്രി



കൊച്ചി> സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎലിൻ്റെ മിനറല്‍ സെപ്പറേഷന്‍ യൂണിറ്റ് ഈ വർഷം 89 കോടി രൂപയുടെ റെക്കോഡ് ലാഭം സ്വന്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ വികസനക്കുതിപ്പിന് കൂടുതല്‍ കരുത്ത് പകര്‍ന്നുകൊണ്ട് മിനറല്‍ സെപ്പറേഷന്‍ യൂണിറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലാഭമാണ് 2022-23ൽ കൈവരിച്ചിരിക്കുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. 2021-22ല്‍ 17.6 കോടി മാത്രമായിരുന്നു ലാഭം. ഒപ്പം സില്ലിമനൈറ്റിന്റെ ഉല്‍പാദനത്തിലും വിപണത്തിനും കെ എം എം എൽ ഈ വർഷം റെക്കോര്‍ഡ് നേട്ടം കൈവരിച്ചു. 8855 ടണ്‍ സില്ലിമനൈറ്റ് ഉല്‍പാദനം നടത്തിയ  സ്ഥാപനം 8230 ടണ്‍ വിപണനവും നടത്തി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 2019ല്‍  മിനറല്‍ സെപ്പറേഷന്‍ യൂണിറ്റില്‍ നടത്തിയ പ്ലാന്റ് നവീകരണം യൂണിറ്റിനെ മികച്ച നേട്ടം കൈവരിക്കുന്നതിന് സഹായിച്ചു. കരിമണലില്‍ നിന്ന് ധാതുക്കള്‍ വേര്‍തിരിക്കുന്ന നവീന സംവിധാനമായ 'ഫ്രോത്ത് ഫ്‌ളോട്ടേഷന്‍' നടപ്പാക്കുകയും നൂതന സില്ലിമനൈറ്റ് റിക്കവറി സിസ്റ്റം കമ്മീഷന്‍ ചെയ്യുകയും ചെയ്തു. ഒപ്പം സര്‍ക്കാര്‍ നേരിട്ട് ഇടപെട്ട് തോട്ടപ്പള്ളിയില്‍ നിന്ന് കരിമണല്‍ എത്തിച്ചത് ഉല്‍പാദനത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം ഇല്ലാതാക്കുകയും മികച്ച ഉല്‍പാദനം നടത്തുന്നതിന് സഹായകരമാവുകയും ചെയ്തു.മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News