സോഫ്റ്റ്‍വെയര്‍ സ്വാതന്ത്ര്യദിനം 25ന്‌ ; 14 ജില്ലയിലും കൈറ്റിന്റെ ക്ലാസുകൾ



തിരുവനന്തപുരം സോഫ്റ്റ്‍വെയർ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി  25-ന് 14 ജില്ലയിലും  കൈറ്റും  സ്വാതന്ത്ര്യ വിജ്ഞാന ജനാധിപത്യ സഖ്യവും (ഡിഎകെഎഫ്) സംയുക്തമായി  പ്രത്യേക പരിശീലനം സംഘടിപ്പിക്കും.   രാവിലെ 10 ന്‌ പൊതുവിദ്യാഭ്യാസ   മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യും. സ്വതന്ത്ര സോഫ്റ്റ്‍വെയർ പ്രചാരകൻ അമർനാഥ് രാജ അനുസ്മരണ പ്രഭാഷണം ഐകാൻ  ഉപദേശകസമിതി അംഗം സതീഷ് ബാബു നടത്തും.  കൈറ്റ് ജില്ലാ കേന്ദ്രങ്ങളിൽ പകൽ 11 മുതൽ ഉച്ചവരെ സ്വതന്ത്ര സോഫ്‍റ്റ്‍വെയർ അധിഷ്ഠിത പരിശീലനം നടക്കും. കാസർകോട്‌ (വിക്കിമീഡിയ കോമൺസ് ആൻഡ്‌ വിക്കിപീഡിയ), കണ്ണൂർ (സ്ക്രൈബസ് - ഡി ടി പി.), വയനാട് (ഓപ്പൺ സ്ട്രീറ്റ് മാപ്പ്), കോഴിക്കോട് (എക്സ്പ്ഐസ് - ഓപ്പൺ ഹാർഡ്‍വെയർ), മലപ്പുറം (ഗ്നു ഖാത്ത - അക്കൗണ്ടിങ്) പാലക്കാട് (ജിയോജിബ്രയും ഗണിതവും), തൃശൂർ (കെഡിഎൻലൈവ് - വീഡിയോ എഡിറ്റിങ്), എറണാകുളം (സ്ക്രാച്ച് - വിഷ്വൽ പ്രോഗ്രാമിങ്), ഇടുക്കി (ഓപ്പൺ ട്യൂൺസ് - അനിമേഷൻ), കോട്ടയം (ഐ ഒ ടി. ആൻഡ്‌ റോബോട്ടിക്സ്), ആലപ്പുഴ (ആപ് ഇൻവെന്റർ - മൊബൈൽ ആപ് നിർമാണം), പത്തനംതിട്ട (ബ്ലെൻഡർ - 3 ഡി അനിമേഷൻ), കൊല്ലം (പൈത്തൺ - പ്രോഗ്രാമിങ്), തിരുവനന്തപുരം (കൃത - ഗ്രാഫിക്സ്) എന്നിങ്ങനെയാണ് വിഷയങ്ങൾ. പങ്കെടുക്കാൻ   kite.kerala.gov.in/SFDay2022 സൈറ്റിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാമെന്ന് കൈറ്റ് സിഇഒ കെ അൻവർ സാദത്ത് അറിയിച്ചു.   ക്ലാസുകൾ തത്സമയം കാണാനുള്ള പോർട്ടൽ  കൈറ്റ് സ്റ്റുഡിയോയിൽ ബുധനാഴ്‌ച  മന്ത്രി വി ശിവൻകുട്ടി  ഉദ്‌ഘാടനം ചെയ്‌തു.  25-ന് പകൽ രണ്ടു മുതൽ നാല്‌ വരെ പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്‍റ്റ്‍വെയറുകളെക്കുറിച്ച്  അറിയാൻ ഓപ്പൺ സെഷനുകൾ ഉണ്ടാകും. കൈറ്റ് ഗ്നു/ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം സൗജന്യമായി ഇൻസ്റ്റാൾ ചെയ്ത് നൽകുന്ന ഇൻസ്റ്റാൾ ഫെസ്റ്റും  നടക്കും. ഇതിന്റെ ഭാഗമായി  വിക്ടേഴ്സിൽ വ്യാഴം മുതൽ  24 വരെ  സ്വതന്ത്ര സോഫ്‍റ്റ്‍വെയർ പരിശീലനം സംപ്രേഷണം ചെയ്യും. ദിവസവും  രാവിലെ ഒമ്പതിന്‌  അനിമേഷൻ, ഉച്ചയ്ക്ക് 1.30 ന് ആപ് ഇൻവെന്റർ, വൈകിട്ട്‌ ആറിന്‌ മലയാളം കംപ്യൂട്ടിങ്‌ ആൻഡ്‌ ഇന്റർനെറ്റ്, രാത്രി 8.30 ന് സ്ക്രാച്ച് വിഷ്വൽ പ്രോഗ്രാമിങ്‌ എന്നീ ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക. Read on deshabhimani.com

Related News