കിൻഫ്ര പാർക്കുകൾക്ക് ദേശീയ അംഗീകാരം ; ദക്ഷിണേന്ത്യയിലെ മികച്ച 15 പാർക്കിൽ അഞ്ചും കേരളത്തിൽ



തിരുവനന്തപുരം കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യത്തെ വ്യവസായ പാർക്കുകളുടെ പ്രകടനം വിലയിരുത്തി തയ്യാറാക്കിയ റിപ്പോർട്ടിൽ കിൻഫ്രയുടെ അഞ്ച്‌ പാർക്കിന്‌ ദേശീയ അംഗീകാരം.  ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച 15 പാർക്കിൽ അഞ്ചും കേരളത്തിലാണ്. കേന്ദ്ര മന്ത്രാലയത്തിനു കീഴിലെ വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പാണ് റിപ്പോർട്ട് തയ്യാറാക്കിയത്.  കിൻഫ്ര കളമശേരി ഹൈടെക് പാർക്ക്, കഴക്കൂട്ടം ഫിലിം ആൻഡ്‌ വീഡിയോ പാർക്ക്, പാലക്കാട് മെഗാ ഫുഡ് പാർക്ക്, എറണാകുളം സ്‌മോൾ ഇൻഡസ്ട്രീസ് പാർക്ക്, കഞ്ചിക്കോട് ടെക്സ്റ്റൈൽ പാർക്ക്  എന്നിവയാണ്  തെരഞ്ഞെടുക്കപ്പെട്ടത്. യുഎൻ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ഓർഗനൈസേഷനും  ലോകബാങ്ക് ഏജൻസികളും നിർദേശിച്ച ആഗോള ഗുണനിലവാര മാനദണ്ഡങ്ങൾ പ്രകാരമാണ്  വിലയിരുത്തൽ. രാജ്യത്തെ മികച്ച 15  പ്രത്യേക സാമ്പത്തിക മേഖലയിൽ കാക്കനാടും ഉൾപ്പെട്ടു. ബയോടെക്നോളജി മെഡിക്കൽ ഉപകരണ നിർമാണം, കരകൗശല നിർമാണം എന്നീ മേഖലകൾക്ക് പ്രാധാന്യം നൽകി കേരളത്തിലെ പാർക്കുകൾ മുന്നോട്ടുവരുന്നതായും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തൊട്ടാകെയുള്ള 449 പാർക്കിന്റെയും അത്രതന്നെ സോണുകളുടെയും പ്രവർത്തനങ്ങളാണ് മന്ത്രാലയം വിലയിരുത്തിയത്. Read on deshabhimani.com

Related News